ആഴ്‌സണലോ സിറ്റിയോ ?; പ്രീമിയര്‍ ലീഗില്‍ ഫൈനല്‍ റൗണ്ടില്‍ കിരീട പോരാട്ടം

Update: 2024-05-16 05:03 GMT

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട അവകാശികളെ കണ്ടെത്താന്‍ അവസാന റൗണ്ട് പോരാട്ടം വരെ കാത്തിരിക്കണം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടനത്തെ സിറ്റി തോല്‍പ്പിച്ചതോടെ കിരീടപ്പോരാട്ടം അവസാനറൗണ്ടിലേക്ക് നീട്ടി. ഞായറാഴ്ച നടക്കുന്ന സിറ്റി-വെസ്റ്റ്ഹാം, ആഴ്‌സനല്‍-എവര്‍ട്ടണ്‍ കളികള്‍ക്ക് ഇതോടെ ഫൈനല്‍ മത്സരത്തിന്റെ പരിവേഷം കൈവന്നു. ഒറ്ററൗണ്ട് മാത്രം ബാക്കിനില്‍ക്കെ സിറ്റിക്ക് 88 പോയിന്റും ആഴ്‌സനലിന് 86 പോയിന്റുമുണ്ട്.

അവസാനകളിയില്‍ ജയിച്ചാല്‍ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. സമനിലയോ തോല്‍വിയോ ആണെങ്കില്‍ ആഴ്‌സനലിന്റെ മത്സരഫലമാകും സിറ്റിയുടെ വിധിയെഴുതുക. ആഴ്‌സനലിനാകട്ടെ ജയിച്ചാല്‍ മാത്രം പോരാ, സിറ്റി ജയിക്കാതിരിക്കുകയും വേണം. ആഴ്‌സനല്‍ ജയിക്കുകയും സിറ്റി സമനിലയില്‍ കുരുങ്ങുകയും ചെയ്താല്‍ ഗോള്‍വ്യത്യാസത്തിലൂടെയാകും കിരീടവിജയികളെ നിര്‍ണയിക്കുക. അത് ആഴ്‌സനലിന് അനുകൂലമാണ്.

ടോട്ടനത്തെ 2-0ത്തിനാണ് സിറ്റി തോല്‍പ്പിച്ചത്. എര്‍ലിങ് ഹാളണ്ട് ഇരട്ടഗോള്‍ (51, 90+1) നേടി. ഗോളിമാത്രം മുന്നില്‍നില്‍ക്കെ ടോട്ടനം താരം സണ്‍ ഹ്യൂങ് മിങ് അവസരം തുലച്ചത് കളിയില്‍ നിര്‍ണായകമായി. ചരിത്രത്തിലാദ്യമായി ആസ്റ്റണ്‍വില്ല ചാംപ്യന്‍സ് ലീഗിന് അര്‍ഹതനേടി. പ്രീമിയര്‍ ലീഗില്‍ നാലാംസ്ഥാനം ഉറപ്പിച്ചതോടെയാണിത്. നാലാം സ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്തിയ ടോട്ടനം, മാഞ്ചെസ്റ്റര്‍ സിറ്റിയോട് തോറ്റത് ആസ്റ്റണ്‍ വില്ലയ്ക്ക് ഗുണകരമായി.

1991-92ല്‍ യൂറോകപ്പ് ജേതാക്കളായിരുന്നു ആസ്റ്റണ്‍ വില്ല. ചാംപ്യന്‍ലീഗ് തുടങ്ങിയശേഷം ഒരിക്കലും യോഗ്യതനേടാനായില്ല. 37 കളിയില്‍ ടീമിന് 68 പോയിന്റായി. ഇത്രയും കളിയില്‍ 63 പോയിന്റുള്ള ടോട്ടനം അഞ്ചാമതാണ്. ചെല്‍സി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡ് ടീമുകള്‍ക്ക് യോഗ്യതനേടാനായില്ല.






Tags:    

Similar News