മരിയോ ബലോട്ടെല്ലിയെ ബ്രിഷേ പുറത്താക്കി

കൊറോണയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സീരി എ മല്‍സരങ്ങള്‍ ഉടന്‍ നടക്കാനിരിക്കെയാണ് ബ്രിഷേയുടെ നടപടി.

Update: 2020-06-06 19:03 GMT

ടൂറിന്‍: ഇറ്റാലിയന്‍ സ്ട്രൈക്കര്‍ മരിയോ ബലോട്ടെല്ലിയെ സീരി എ ക്ലബ്ബ് ബ്രിഷേ പുറത്താക്കി. രണ്ടുവര്‍ഷത്തെ കരാര്‍ ബാക്കിയിരിക്കെയാണ് മുന്‍ സിറ്റി, മിലാന്‍ താരം കൂടിയായ ബലോട്ടെല്ലിയെ ക്ലബ്ബ് പുറത്താക്കിയത്. കൊറോണയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സീരി എ മല്‍സരങ്ങള്‍ ഉടന്‍ നടക്കാനിരിക്കെയാണ് ബ്രിഷേയുടെ നടപടി. 10 ദിവസം മുമ്പാരംഭിച്ച പരിശീലനത്തിന് താരം എത്തിയില്ലെന്നതാണ് പുറത്താക്കലിന് കാരണമായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നത്. 10 ദിവസവും ബലോട്ടെല്ലി പരിശീലനത്തിനെത്തിയിരുന്നില്ല. അസുഖമാണെന്ന് ചൂണ്ടികാട്ടിയാണ് താരം പരിശീലനത്തിന് എത്താതിരുന്നത്.

എന്നാല്‍,സ്വന്തമായി പരിശീലനം നടത്തുന്ന വീഡിയോ ബലോട്ടെല്ലി തന്നെ പുറത്ത് വിട്ടിരുന്നു. താരത്തിനോട് സ്വമേധയാ ക്ലബ്ബില്‍നിന്ന് പോവാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേനേ ബ്രിഷേ താരത്തെ പുറത്താക്കിയത് അറിയിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ടീമിലെത്തിയ 29 കാരനായ ബല്ലോട്ടെല്ലി ടീമിനായി സീസണില്‍ അഞ്ചു ഗോളുകളാണ് നേടിയത്. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ബ്രിഷേ ഈ വര്‍ഷമാണ് സ്ഥാനകയറ്റം ലഭിച്ച് സീരി എയില്‍ കളിക്കുന്നത്. യൂറോപ്പ്യന്‍ ഫുട്ബോളില്‍ കഴിഞ്ഞ വര്‍ഷം അലയടിച്ച വംശീയാധിക്ഷേപത്തിന്റെ പ്രധാന ഇരയായിരുന്നു ബല്ലോട്ടെല്ലി. 

Tags:    

Similar News