ചാംപ്യന്‍സ് ലീഗ്; ആഴ്‌സണല്‍ മുന്നോട്ട്, വന്‍ ജയവുമായി റയല്‍, പ്രതീക്ഷ അസ്തമിച്ച് സിറ്റി

Update: 2025-01-23 06:14 GMT
ചാംപ്യന്‍സ് ലീഗ്; ആഴ്‌സണല്‍ മുന്നോട്ട്, വന്‍ ജയവുമായി റയല്‍, പ്രതീക്ഷ അസ്തമിച്ച് സിറ്റി

എമിറേറ്റ്‌സ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ അവസാന 16ല്‍ ഇടം നേടി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്‌സണല്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഡൈനാമോ സെഗരിബിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. റൈസ്(2), കായ് ഹാവര്‍ട്‌സ് (66), ഒഡ്ഗാര്‍ഡ്(90) എന്നിവരാണ് ആഴ്‌സണലിനായി വലകുലിക്കിയത്. മറ്റൊരു മല്‍സരത്തില്‍ വമ്പന്‍ ജയവുമായി റയല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെതിരേ 5-1ന്റെ ജയമാണ് റയല്‍ നേടിയത്. പോയിന്റ് നിലയില്‍ റയല്‍ 16ാം സ്ഥാനത്താണ്. റയലിനായി റൊഡ്രിഗോയും വിനീഷ്യസ് ജൂനിയറും ഇരട്ട ഗോള്‍ നേടിയപ്പോള്‍ എംബാപ്പെ ഒരു ഗോള്‍ നേടി. ജൂഡ് ബെല്ലിങ്ഹാം രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. റയലിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മല്‍സരം.


 ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ചു.കഴിഞ്ഞ ദിവസം പിഎസ്ജിയോട് ഞെട്ടിക്കുന്ന പരാജയം ഏറ്റ് വാങ്ങിയതോടെയാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവും പാതിവഴിയില്‍ ആയത്. 4-2നാണ് സിറ്റിയുടെ തോല്‍വി. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി പരാജയം രുചിച്ചത്. ഗ്രീലിഷ്(50), എര്‍ലിങ് ഹാലന്റ് (53) എന്നിവരിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. എന്നാല്‍ ഉസ്മാനെ ഡെംബലേ(56, ബാര്‍കോളാ(60), ജാവോ നെവസ്(78), ഗോണ്‍സാലോ റാമോസ് (90) എന്നിവരിലൂടെ പിഎസ്ജി വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.


 ഈ മാസം 29ന് നടക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സിറ്റി പരാജയപ്പെട്ടാല്‍ അവരുടെ ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് പ്രയാണം അവസാനിക്കും. സിറ്റി ലീഗില്‍ 25ാം സ്ഥാനത്താണ്. ജയത്തോടെ പിഎസ്ജി 22ാം സ്ഥാനത്തേക്ക് കയറി.ജയത്തോടെ ഇറ്റാലിയന്‍ ക്ലബ്ബുകളായ എസി മിലാനും ഇന്റര്‍മിലാനും പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.


Tags:    

Similar News