ആരാധകര്‍ക്കിനി ഫുട്‌ബോള്‍ രാവ്; യൂറോ കപ്പിന് വെള്ളിയാഴ്ച തുടക്കം
യൂറോകപ്പിന് വെള്ളിയാഴ്ച രാത്രി 12.30-ന് കിക്കോഫ്.
ബെര്‍ലിന്‍: യൂറോപ്യന്‍ ഫുട്ബോളില്‍ ഇനി പോരാട്ടക്കാലം. വന്‍ശക്തികള്‍ ചക്രവര്‍ത്തിപട്ടത്തിനായി കോപ്പുകൂട്ടിയിറങ്ങുമ്പോള്‍ മൈതാനങ്ങളില്‍ പുതിയ അടവുകള്‍ കാണാം. യൂറോകപ്പിന് വെള്ളിയാഴ്ച രാത്രി 12.30-ന് കിക്കോഫ്. ആദ്യകളിയില്‍ ഗ്രൂപ്പ് എ-യില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ട്ലന്‍ഡുമായി കളിക്കും. ജൂലായ് 14-ന് ബെര്‍ലിനിലാണ് ഫൈനല്‍. ഇറ്റലിയാണ് നിലവിലെ ജേതാക്കള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), ജൂഡ് ബെല്ലിങ്ങാം, ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി (പോളണ്ട്), കെവിന്‍ ഡിബ്രുയ്ന്‍, റൊമേലു ലുക്കാക്കു (ബെല്‍ജിയം), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ), ജിയാന്‍ലൂജി ഡൊണെരുമ്മ (ഇറ്റലി), വിര്‍ജില്‍ വാന്‍ഡെയ്ക് (നെതര്‍ലന്‍ഡ്സ്), കെയ് ഹാവെര്‍ട്സ് (ജര്‍മനി), പെഡ്രി (സ്പെയിന്‍) തുടങ്ങിയ താരനിര കളിക്കാനിറങ്ങും.
ജര്‍മനിയിലെ 10 വേദികളിലായാണ് കളികള്‍. യോഗ്യതാറൗണ്ട് കളിച്ചെത്തിയ 24 ടീമുകള്‍ കിരീടത്തിനായി പോരാടും. ജൂണ്‍ 14 മുതല്‍ ജൂലായ് 14 വരെയാണ് കളികള്‍. ആറു ഗ്രൂപ്പുകളിലായാണ് മത്സരം. ഒരോ ഗ്രൂപ്പില്‍നിന്നും ആദ്യരണ്ടു സ്ഥാനക്കാര്‍ നേരിട്ട് പ്രീക്വാര്‍ട്ടറിലെത്തും. മികച്ച നാലു മൂന്നാംസ്ഥാനക്കാര്‍ക്കും നോക്കൗട്ട് റൗണ്ടിലെത്താം. പുതുമുഖം ജോര്‍ജിയ.
യൂറോകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന പുതുമുഖ ടീം ജോര്‍ജിയയാണ്. ഏറ്റവും കൂടുതല്‍ത്തവണ കളിച്ച ടീം ജര്‍മനി. 14-ാം യൂറോകപ്പിനാണ് ടീം എത്തുന്നത്. സ്പെയിനിന് 12-ാം ടൂര്‍ണമെന്റാണ്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി ടീമുകള്‍ 11-ാം തവണയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.
ഗ്രൂപ്പ്- എ-ജര്‍മനി, സ്‌കോട്ലന്‍ഡ്, ഹങ്കറി, സ്വിറ്റ്സര്‍ലന്‍ഡ്
ബി-സ്പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
സി-സ്ലോവേനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഡി-പോളണ്ട്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഇ-ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ, യുക്രൈന്‍
എഫ്-തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്