ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് സമനില; ബുണ്ടസ ലീഗില്‍ ലെപ്‌സിഗ് തലപ്പത്ത്
ലീഗില്‍ റെലഗേഷന്‍ ഭീഷണിയില്‍ നില്‍ക്കുന്ന എമിനസ് 4-4നാണ് ഫ്രഞ്ച് ചാംപ്യന്‍മാരെ പിടിച്ചുകെട്ടിയത്.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന പിഎസ്ജിയെ പിടിച്ചുകെട്ടി എമിനസ്. ലീഗില്‍ റെലഗേഷന്‍ ഭീഷണിയില്‍ നില്‍ക്കുന്ന എമിനസ് 4-4നാണ് ഫ്രഞ്ച് ചാംപ്യന്‍മാരെ പിടിച്ചുകെട്ടിയത്. റെലഗേഷന്‍ ഒഴിവാക്കാന്‍ എമിനസിന് തുടര്‍ മല്‍സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയം ആവശ്യമായിരുന്നു. ലീഗില്‍ അവര്‍ 18ാം സ്ഥാനത്താണ്. പിഎസ്ജിയാവട്ടെ 62 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് പിഎസ്ജി തിരിച്ചടിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനായി പ്രമുഖ താരങ്ങളായ നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്ക് വിശ്രമം നല്‍കി പുതിയ താരങ്ങളെയിറക്കിയാണ് കോച്ച് ടൂച്ചല്‍ ഇന്ന് ടീമിനെയിറക്കിയത്. എന്നാല്‍ ആദ്യ പകുതിയില്‍ മൂന്ന് ഗോളടിച്ച് എമിനസ് പിഎസ്ജിയെ ഞെട്ടിച്ചു. പിഎസ്ജിയ്ക്കായി ഹെരേര(45), കൗസ്സി(60, 65), ഇക്കാര്‍ഡി(74) എന്നിവരാണ് ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിലാണ് എമിനസ് അവരുടെ സമനില ഗോള്‍ നേടിയത്.
ബുണ്ടസാ ലീഗില്‍ കിരീട പോരാട്ടം കനക്കുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ വെര്‍ഡര്‍ ബ്രമനെ 3-0ത്തിന് തോല്‍പ്പിച്ച് ആര്‍ബി ലെപ്‌സിഗ്. ജയത്തോടെ ലെപ്‌സിഗ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ യുനിയന്‍ ബെര്‍ലിനെ 2-3ന് തോല്‍പ്പിച്ചു. ബുണ്ടസയില്‍ ഓരോ മല്‍സരങ്ങള്‍ കഴിയുമ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് ലീഗിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്‍. ആര്‍ ബി ലെപ്‌സി(45 പോയിന്റ്), ബയേണ്‍ മ്യുണിക്ക്(43), ബോറൂസിയാ ഡോര്‍ട്ട്മുണ്ട് (42), മഗ്ലാഡ്ബാഷ്(42), ബയേണ്‍ ലെവര്‍കൂസന്‍ (40) എന്നിവരാണ് ലീഗിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍.