മെസ്സിയും റൊണാള്‍ഡോയുമല്ല; ഫിഫയുടെ മികച്ച താരം ലെവന്‍ഡോസ്‌കി

47 മല്‍സരങ്ങളില്‍ നിന്ന് താരം നേടിയത് 55 ഗോളുകളാണ്.

Update: 2020-12-18 03:19 GMT

ലണ്ടന്‍: ഫിഫയുടെ 2020ലെ മികച്ച താരമായി പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് താരം റൊബര്‍ട്ടോ ലെവന്‍ഡോസ്‌കി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരെ പിന്‍തള്ളിയാണ് ലെവന്‍ഡോസ്‌കിയുടെ നേട്ടം. ഇക്കഴിഞ്ഞ സീസണില്‍ 47 മല്‍സരങ്ങളില്‍ നിന്ന് താരം നേടിയത് 55 ഗോളുകളാണ്. ബയേണിനായി ഇത്തവണ മൂന്ന് കിരീടങ്ങള്‍ നേടുവാനും ലെവന്‍ഡോസ്‌കിക്ക് കഴിഞ്ഞു.

ലിയോണിന്റെ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം . ലിയോണിനായി ചാംപ്യന്‍സ് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് എന്നിവയും ലൂസി ഇത്തവണ നേടിയിരുന്നു. ലിവര്‍പൂളിന്റെ ജുര്‍ഗാന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയത് കഴിഞ്ഞ വര്‍ഷമാണ്. മികച്ച ഗോള്‍ കീപ്പര്‍ പൂരസ്‌കാരം ജര്‍മ്മന്‍ താരം നുയര്‍ക്കാണ്. ബയേണ്‍ മ്യൂണിക്ക് കീപ്പറാണ് നുയര്‍. കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കരാം ടോട്ടന്‍ഹാം താരം സണ്‍ ഹേങിനാണ്.

ഫിഫയുടെ ഏറ്റവും മികച്ച ഇലവനെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. അലിസണ്‍, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, സെര്‍ജിയോ റാമോസ്, വാന്‍ ഡെക്ക്, അല്‍ഫോണ്‍സോ ഡേവിസ്, ഡി ബ്രൂണി, തിയാഗോ, കിമ്മിച്ച്, മെസ്സി, റൊണാള്‍ഡോ, മെസ്സി എന്നിവരാണ് ലോക ഇലവനില്‍ സ്ഥാനം പിടിച്ചത്.


Tags:    

Similar News