ആഴ്‌സണല്‍ താരം മെസൂദ് ഓസില്‍ തുര്‍ക്കിയിലേക്ക്
2014ല്‍ ജര്‍മ്മനിക്ക് ലോകകപ്പ് നേടികൊടുത്ത ടീമിലെ അംഗമായ ഓസില്‍ 2018ലാണ് ദേശീയ ടീമില്‍ നിന്നും രാജിവച്ചത്.
ഇസ്താംബൂള്‍: ആഴ്‌സണല്‍ മദ്ധ്യനിര താരം മെസൂദ് ഒാസില്‍ തുര്‍ക്കി ക്ലബ്ബിലേക്ക് ചേക്കേറുന്നു. തുര്‍ക്കിയിലെ ഒന്നാം നമ്പര്‍ ടീമായ ഫെനര്‍ബെഷെയിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. മുന്‍ ജര്‍മ്മന്‍ താരം കൂടിയായ ഓസിലിന്റെ ആഴ്‌സണലിലെ കരാര്‍ അവസാനിക്കാന്‍ ആറ് മാസം കൂടിയുണ്ട്. എന്നാല്‍ താരത്തെ ജനുവരിയില്‍ തന്നെ റിലീസ് ചെയ്യാന്‍ ആഴ്‌സണല്‍ തീരുമാനിച്ചിട്ടുണ്ട്. 32 കാരനായ ഓസില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആഴ്‌സണലിനായി കളിച്ചിട്ടില്ല. 2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് അന്നത്തെ റെക്കോഡ് തുകയ്ക്കാണ് ഓസിലിനെ ആഴ്‌സണല്‍ വാങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആഴ്‌സണലിനായി തകര്‍പ്പന്‍ പ്രകടനമാണ് ഓസില്‍ കാഴ്ചവച്ചത്.
ഈ മാസം അവസാനത്തോടെ കരാര്‍ ധാരണയാവുമെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. താരം അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തുര്‍ക്കിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഓസില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ് ഫെനര്‍ബഷെയെന്നും വ്യക്തമാക്കിയിരുന്നു. 2014ല്‍ ജര്‍മ്മനിക്ക് ലോകകപ്പ് നേടികൊടുത്ത ടീമിലെ അംഗമായ ഓസില്‍ 2018ലാണ് ദേശീയ ടീമില്‍ നിന്നും രാജിവച്ചത്. ജര്‍മ്മനിയില്‍ താന്‍ നേരട്ട വംശീയാക്ഷേപത്തിലും ടീമില്‍ നേരിട്ട വേര്‍ത്തിരിവില്‍ മനംമടുത്തിട്ടാണ് ജര്‍മ്മന്‍ ടീമില്‍ നിന്ന് വിരമിച്ചതെന്ന് ഓസില്‍ അറിയിച്ചിരുന്നു. തുര്‍ക്കി വംശജനായ ഓസില്‍ വിവാഹം കഴിച്ചത് തുര്‍ക്കിയില്‍ നിന്നാണ്.