ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.

Update: 2023-09-25 05:28 GMT

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുക്ഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് സുവര്‍ണ നേട്ടം. ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. പന്‍വാര്‍ ദിവ്യാന്‍ഷ് സിംഗ്, പ്രതാപ് സിങ് ടോമര്‍, രുദ്രങ്കാഷ് പാട്ടീല്‍ എന്നിവരുടെ ടീമിനാണ് സുവര്‍ണ നേട്ടം. 1893.7 പോയിന്റോടെയാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലെ ഏറ്റവും കൂടിയ പോയിന്റാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.

മുമ്പ് 1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്നു ഈ ഇനത്തിലെ റെക്കോര്‍ഡ്. ഈ വര്‍ഷം ബാഹുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു ചൈനയുടെ പ്രകടനം. എന്നാല്‍ സ്വന്തം മണ്ണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ അതേ ഇനത്തില്‍ വെങ്കല മെഡല്‍ മാത്രമാണ് ചൈനയ്ക്ക് നേടാന്‍ കഴിഞ്ഞത്. റിപ്പബ്ലിക്ക് ഓഫ് കൊറിയയ്ക്ക് ആണ് വെള്ളി മെഡല്‍ ലഭിച്ചിരിക്കുന്നത്. 1890.1 പോയിന്റാണ് കൊറിയന്‍ താരങ്ങള്‍ നേടിയത്.

ചൈനയില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. ഇന്നലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെള്ളി മെഡല്‍ നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്‌സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെള്ളി മെഡല്‍ നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.








Similar News