ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യക്കാര്‍

Update: 2024-04-14 05:42 GMT

ന്യൂഡല്‍ഹി: ഇറാന്‍ കസ്റ്റഡിയിലെടുത്ത ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ മലയാളികള്‍ അടക്കമുള്ള പതിനേഴ് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിക്ക് നടപടികളുടെ മേല്‍നോട്ട ചുമതല നല്‍കും. ദൂതന്‍ വഴിയുള്ള ആശയവിനിമയം കപ്പല്‍ കമ്പനിയും തുടങ്ങിയിട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ഇറാന്‍ നടപടിയെ അപലപിച്ച് അമേരിക്കയും, ബ്രിട്ടണും രംഗത്തെത്തി. ഇറാന്‍ നടത്തിയത് അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അമേരിക്ക പ്രതികരിച്ചു. കപ്പല്‍ ഉടന്‍ വിട്ടയ്ക്കണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു.

യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. മുംബൈ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിനെതിരെയായിരുന്നു ഇന്ത്യന്‍ സമയം രാവിലെ ഏട്ടരയോടെ ഇറാന്‍ സൈന്യത്തിന്റെ നടപടി. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ ഇറാന്‍ തീരത്തേക്ക് മാറ്റി. കപ്പലിലെ വാര്‍ത്താവിനിമയ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലി കോപ്റ്റര്‍ ഉപയോഗിച്ചുള്ള ഓപ്പറേഷനിലൂടെ ഇറാന്റെ സൈനികര്‍ കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. കപ്പലില്‍ രണ്ട് മലയാളികള്‍ അടക്കം 17 ഇന്ത്യക്കാരുണ്ട്. ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. കപ്പലില്‍ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. കപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനത്തിനായി എല്ലാ നടപടികളും ഇന്ത്യ തുടങ്ങി. ഇറാന്‍ വിദേശകാര്യ മന്ത്രാലയുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ള രണ്ട് മലയാളികള്‍. ഇവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.


Tags:    

Similar News