ഇവിഎം ഹാക്കിങ് വിവാദം: പോളിങിന് ബാലറ്റ് പേപ്പര്‍ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുന്നു

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന യുഎസ് സൈബര്‍ വിദഗ്ധന്‍ സയിദ് ഷുജയുടെ അവകാശ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനു പിന്നാലെയാണ് പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചു പോവണമെന്ന ആവശ്യം ശക്തമായത്.

Update: 2019-01-22 12:04 GMT

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്ന യുഎസ് സൈബര്‍ വിദഗ്ധന്റെ അവകാശവാദത്തിനു പിന്നാലെ പോളിങിന് ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുന്നു. പോളിങിന് പേപ്പര്‍ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തി നിരവധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് മുന്നോട്ട് വന്നിട്ടുള്ളത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന യുഎസ് സൈബര്‍ വിദഗ്ധന്‍ സയിദ് ഷുജയുടെ അവകാശ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനു പിന്നാലെയാണ് പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചു പോവണമെന്ന ആവശ്യം ശക്തമായത്. 1990കളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഉണ്ടായിരുന്നത് പോലെ 2019ലെ ലോക്‌സഭാ പോളിങിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേപ്പര്‍ വാലറ്റ് നടപ്പാക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ വിശാല താല്‍പര്യം കണക്കിലെടുത്ത് ഇവിഎം വിഷയത്തില്‍ സത്വര ശ്രദ്ധ പതിയേണ്ടതാണെന്നും അവര്‍ ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പറുകള്‍ പുനപ്പരിശോധന നടത്താന്‍ കഴിയും എന്നാല്‍ ഇവിഎമ്മില്‍ ഇതു സാധ്യമല്ല. അതിനാല്‍, ബാലറ്റ് പേപ്പര്‍ തിരിച്ചു കൊണ്ടുവരണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായും അവര്‍ വ്യക്തമാക്കി.

ബിഎസ്പിയുടെ പുതിയ സഖ്യ കക്ഷിയായ എസ്പിയും സമാന നിലപാടാണ് മുന്നോട്ട് വച്ചത്. ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങള്‍ എന്തു കൊണ്ടാണ് ഇത്തരം മെഷീനുകള്‍ ഉപയോഗിക്കാത്തതെന്ന് പഠിക്കണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചോദ്യമല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടേതാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിഎം ജനാധിപത്യത്തിന് വന്‍ ഭീഷണിയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇവിഎമ്മില്‍ അട്ടിമറി സാധ്യമാണെന്ന അവകാശവാദങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും അഭിപ്രായം ആരാഞ്ഞ് പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് ഉടന്‍ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News