'ആര്‍എസ്എസ്സും ബിജെപിയും വ്യാജ ഹിന്ദുക്കള്‍, അവരുടേത് മതത്തിന്റെ ദല്ലാള്‍ പണി': രാഹുല്‍ ഗാന്ധി

'അവര്‍ തങ്ങളെ ഹിന്ദു പാര്‍ട്ടി എന്ന് വിളിക്കുന്നു, പക്ഷേ അവര്‍ എവിടെ പോയാലും ലക്ഷ്മിയെയും ദുര്‍ഗയെയും ആക്രമിക്കുകയും ദേവതകളെ കൊല്ലുകയും ചെയ്യുന്നു, അപ്പോള്‍ അവര്‍ പറയുന്നു അവര്‍ ഹിന്ദുക്കളാണ് ഏത് തരത്തിലുള്ള ഹിന്ദുക്കളാണ്?-ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി ചോദിച്ചു.

Update: 2021-09-16 09:57 GMT
ആര്‍എസ്എസ്സും ബിജെപിയും വ്യാജ ഹിന്ദുക്കള്‍, അവരുടേത് മതത്തിന്റെ ദല്ലാള്‍ പണി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിനേയും ബിജെപിയേയും കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതത്തെ തങ്ങളുടെ നേട്ടങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിക്കുന്നതെന്നും ഹിന്ദുമതത്തെ അവര്‍ കാര്യമാക്കുന്നില്ലെന്നും തങ്ങളുടെ താല്‍പര്യസംരക്ഷണത്തിന് മാത്രമാണ് മതത്തെ അവര്‍ കൂട്ടുപിടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'അവര്‍ വ്യാജ ഹിന്ദുക്കളാണ്, അവരുടെ നേട്ടങ്ങള്‍ക്കായി ഹിന്ദുമതം ഉപയോഗിക്കുന്നു, അവര്‍ ഹിന്ദുക്കളല്ല, മറിച്ച് മതത്തിന്റെ ബ്രോക്കര്‍മാരാണ്'-മഹിളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

'അവര്‍ തങ്ങളെ ഹിന്ദു പാര്‍ട്ടി എന്ന് വിളിക്കുന്നു, പക്ഷേ അവര്‍ എവിടെ പോയാലും ലക്ഷ്മിയെയും ദുര്‍ഗയെയും ആക്രമിക്കുകയും ദേവതകളെ കൊല്ലുകയും ചെയ്യുന്നു, അപ്പോള്‍ അവര്‍ പറയുന്നു അവര്‍ ഹിന്ദുക്കളാണ് ഏത് തരത്തിലുള്ള ഹിന്ദുക്കളാണ്?-ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി ചോദിച്ചു.

ലക്ഷ്മിയും ദുര്‍ഗ്ഗയും സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകങ്ങളാണെന്നും നോട്ട് നിരോധനം, ജിഎസ്ടി, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം എന്നിവയിലൂടെ അവരെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി അടുത്തെത്തിയെങ്കിലും സര്‍ക്കാര്‍ നയങ്ങളുടെ ഫലമായി ആളുകളുടെ പോക്കറ്റ് ശൂന്യമാണെന്നും എല്ലാ പണവും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News