എല്‍ഡിഎഫ് വേദിയില്‍ അതിക്രമിച്ചു കയറി യുവാവ്; പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ തളളിയിട്ടു
ഉടന്‍ തന്നെ വേദിയിലുണ്ടായ പ്രവര്‍ത്തകര്‍ ബേബി ജോണിനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.
തൃശ്ശൂര്‍: എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെ തള്ളിയിട്ടു. ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെ വേദിയിലെത്തിയ ആളാണ് തള്ളിയിട്ടത്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം.
ബോബി ജോണിനൊപ്പം ഡയസും യുവാവ് തളളി മറിച്ചിട്ടു. ഉടന്‍ തന്നെ വേദിയിലുണ്ടായ പ്രവര്‍ത്തകര്‍ ബേബി ജോണിനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങിയ ശേഷമാണ് സംഭവമുണ്ടായത്. പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചതോടെ സ്ഥലത്ത് നേരിയ സംഘർഷം ഉടലെടുത്തു. മാധ്യമപ്രവർത്തകരോടും പ്രവർത്തകർ കയർത്തു.
ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറാണ് ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. വധശ്രമത്തിന് കേസെടുക്കുമെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ പ്രവർത്തകൻ്റെ വേഷം ധരിച്ച ആളാണ് അക്രമം നടത്തിയതെന്ന് മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു.