മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
രാവിലെ 10നു കൊല്ലം ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍(87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന ഇദ്ദേഹം വൈദ്യുതി, വനം, എക്‌സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് നിയമസഭാംഗമായത്. അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ക്ഷേമനിധി ബോര്‍ഡ് രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തേവള്ളി ഗവ. ഹൈസ്‌കൂളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എസ്എ കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം എറണാകുളം ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടിയിരുന്നു. റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍എസ്പി)യിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കടവൂര്‍ ശിവദാസന്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു. 1980, 1982 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്പി ടിക്കറ്റിലും 1991, 1996, 2001 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുമാണ് ജയിച്ചത്. രാവിലെ 10നു കൊല്ലം ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: വിജയമ്മ. മക്കള്‍: മിനി, ഷാജി ശിവദാസന്‍.