ഗുജറാത്തിലെ ഗെയിമിങ് സെന്ററില്‍ തീപിടിത്തം; കുട്ടികളടക്കം 24 മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 24 പേര്‍ മരിച്ചു. ഇതില്‍ 12 പേര്‍ കുട്ടികളാണെന്നും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടിആര്‍പി ഗെയിം സോണില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്‌കോട്ട് പോലിസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു. അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിങ് സെന്ററെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇയാളെയും സോണിന്റെ മാനേജര്‍ നിതിന്‍ ജെയിനിനെയും അടക്കം മൂന്ന് പേരെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
സെന്ററിന് എന്‍ഒസി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ 60 പേരിലധികം ഗെയിമിങ് സോണിലുണ്ടായിരുന്നെന്നാണ് നിഗമനം. ഇതില്‍ 20 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സോണ്‍ പൂര്‍ണമായും മരം കൊണ്ടാണ് നിര്‍മിച്ചത്. അതുകൊണ്ട് തന്നെ തീ വേഗത്തില്‍ പടരുന്നതിന് കാരണമായി. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂര്‍ണമായി നിലംപൊത്തിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായി കമ്മിഷണര്‍ അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര സഹായം നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താല്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.