ഗസയില്‍ ഫലസ്തീന്‍ കര്‍ഷകര്‍ക്കെതിരേ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം

ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ച അധിനിവേശ സൈനികര്‍ വെടിയുതിര്‍ക്കുകയും കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

Update: 2022-08-03 10:50 GMT

ഗസാ സിറ്റി: ഗസ മുനമ്പിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാമമാത്ര തങ്ങളുടെ ഭൂമിയില്‍ പണിയെടുക്കുന്ന ഫലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിയുതിര്‍ക്കുകയും അവരെ പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം നിലവിലിരിക്കെയാണ് ഇസ്രായേല്‍ വീണ്ടും പ്രകോപനമുയര്‍ത്തിയിരിക്കുന്നത്.

ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ച അധിനിവേശ സൈനികര്‍ വെടിയുതിര്‍ക്കുകയും കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഗസയുടെ നാമമാത്രമായ അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താന്‍ ഇസ്രായേലികള്‍ ശ്രമിക്കുന്നതിനാല്‍ ഇത്തരം മാരകമായ ഉപദ്രവങ്ങള്‍ പതിവായിരിക്കുകയാണ്.

17 വയസ്സുള്ള പലസ്തീന്‍ ബാലനെ കൊലപ്പെടുത്തികൊണ്ട് ഈ ആഴ്ച ആദ്യം ജെനിനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിലാണ് ഇസ്‌ലാമിക് ജിഹാദിന്റെ ബാസം അല്‍സാദിയെ അറസ്റ്റ് ചെയ്തത്.രാഷ്ട്രീയ നേതാവിനെ അറസ്റ്റുചെയ്ത് തടങ്കലില്‍ വെച്ചതിന് ഫലസ്തീന്‍ വിഭാഗങ്ങളില്‍ നിന്ന് പ്രതികാരം ചെയ്യുമെന്ന് ഭയന്ന് ഇസ്രായേലികള്‍ ഗസ അതിര്‍ത്തി വേലിയില്‍ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നിരവധി റോഡുകള്‍ അടച്ചിട്ടുണ്ട്.

Tags:    

Similar News