ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് അതിക്രമം: പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ കാംപസുകളിലേക്ക്
മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി), ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാല, ചണ്ഡിഗഡ് സര്‍വകലാശാല, ഹൈദരാബാദിലെ മൗലാന ആസാദ് ഉറുദു സര്‍വകലാശാല, ലഖ്‌നോവിലെ നദ്‌വ, കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് നടത്തിയ അതിക്രമത്തിനെതിരായ പ്രതിഷേധം കൂടുതല്‍ കാംപസുകളിലേക്ക് വ്യാപിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെയാണ് നൂറുകണക്കിന് വരുന്ന പോലിസ് സംഘം കാംപസില്‍ അതിക്രമിച്ചുകയറി തല്ലിച്ചതച്ചത്. ഇതിനെതിരേ പ്രതിഷേധിച്ച അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിയിലെ വിദ്യാര്‍ഥികള്‍ക്കെതിരേയും പോലിസിന്റെ ആക്രമണമുണ്ടായി. രണ്ട് കാംപസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രക്ഷോഭം ശക്തമായത്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി), ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാല, ചണ്ഡിഗഡ് സര്‍വകലാശാല, ഹൈദരാബാദിലെ മൗലാന ആസാദ് ഉറുദു സര്‍വകലാശാല, ലഖ്‌നോവിലെ നദ്‌വ, കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും രാപ്പകല്‍ സമരം ആരംഭിച്ചു. കേരളത്തിലെ വിവിധ കാംപസുകളിലും വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധം വ്യാപിക്കുകയാണ്. ജാമിഅ മില്ലിയയില്‍ പോലിസിനെതിരേ ഇന്നും പ്രതിഷേധം തുടരുകയാണ്. പോലിസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ നഗരങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. ജാമിഅയില്‍ വിദ്യാര്‍ഥികള്‍ ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഷര്‍ട്ടൂരിയാണ് പ്രതിഷേധിച്ചത്. കൊടുംതണുപ്പിനെ വകവയ്ക്കാതെയാണ് ജാമിയ മില്ലിഅയിലെ ഒരുസംഘം വിദ്യാര്‍ഥികള്‍ രാത്രിയും പകലും ഗേറ്റിന് പുറത്ത് തമ്പടിച്ചത്. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സ്ഥലത്ത് മനുഷ്യച്ചങ്ങല തീര്‍ത്തിരിക്കുകയാണ്. ലഖ്‌നോവിലെ നദ്‌വയില്‍ വിദ്യാര്‍ഥികളെ പ്രതിഷേധം നടത്താന്‍ അനുവദിക്കാതെ അധികൃതര്‍ കാംപസില്‍ പൂട്ടിയിട്ടു. വന്‍ പോലിസ് സന്നാഹമാണ് ഗേറ്റ് പൂട്ടി വിദ്യാര്‍ഥികളെ കാംപസിനുള്ളിലാക്കിയത്.
പോലിസും വിദ്യാര്‍ഥികളും തമ്മില്‍ ഇതിനിടയില്‍ ഉന്തും തള്ളും കല്ലേറുമുണ്ടായി. കോളജ് അധികൃതര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയതോടെയാണ് കൂടുതല്‍ സംഘര്‍ഷമൊഴിവായത്. എന്നാല്‍, വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് മടങ്ങാതെ ഇപ്പോഴും പ്രതിഷേധിക്കുകയാണ്. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. വാഹനങ്ങള്‍ കത്തിച്ചതിന് പിന്നില്‍ പോലിസാണെന്ന് വ്യക്തമാവുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലിസുകാര്‍തന്നെ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളാണ് പുറത്തുവിട്ടത്. ജാമിഅയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.