കെ റെയില്‍: തിരുവനന്തപുരത്ത് സംവാദം പുരോഗമിക്കുന്നു; കണ്ണൂരില്‍ സമരക്കാരെ അറസ്റ്റുചെയ്ത് നീക്കുന്നു

Update: 2022-04-28 07:18 GMT

തിരുവനന്തപുരം/കണ്ണൂര്‍: തലസ്ഥാനത്ത് കെ റെയില്‍ സംവാദം പുരോഗമിക്കവെ കണ്ണൂരില്‍ പദ്ധതിയുടെ കല്ലിടല്‍ തുടരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് കല്ലിടലിനെതിരേ ശക്തമായ പ്രതിഷേധം നടക്കുന്നത്. കല്ലിടലിനെതിരേ പ്രതിഷേധിക്കുന്നവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സര്‍വേ സംഘം സ്ഥലത്ത് കുഴിയെടുക്കുകയും കെ റെയില്‍ കല്ല് സ്ഥാപിക്കാനുള്ള നീക്കം നടത്തുകയും ചെയ്തു. എന്നാല്‍, ഒരുകൂട്ടം സ്ത്രീകള്‍ കുഴിക്കുമുകളില്‍ കയറി നിന്ന് പ്രതിഷേധിക്കുകയും ഒരു കാരണവശാലും കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് വീട്ടുടമസ്ഥരടക്കമുള്ളവരെ പോലിസ് ബലമായി കസ്റ്റഡിയിലെടുത്ത് വാഹനങ്ങളിലേക്ക് കയറ്റി.

എന്നാല്‍, ഒരാളെയും അറസ്റ്റ് ചെയ്തുകൊണ്ട് പോവാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും പോലിസ് വാഹനം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വാഹനത്തില്‍ കയറ്റിയ വീട്ടുടമസ്ഥരെ പോലിസ് വാഹനത്തില്‍ നിന്നും ഇറക്കി. സംഘര്‍ഷത്തിനിടയിലും സ്ഥലത്ത് കല്ലുകള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്. എന്നാല്‍, സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയാനാണ് സമരക്കാരുടെ തീരുമാനം. തങ്ങള്‍ക്ക് യാതൊരു അറിയിപ്പും നല്‍കാതെയാണ് അതിക്രമിച്ചുകയറി കല്ലിട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. നഷ്ടപരിഹാരം തന്നാലും തങ്ങള്‍ക്ക് വേണ്ട. ഇവര്‍ എത്ര ആഴത്തില്‍ കല്ലിട്ടാലും തങ്ങളത് പിഴുതെറിയുമെന്നും വീട്ടുടമ മുഹമ്മദലി പ്രതികരിച്ചു.

അതിനിടെ, തലസ്ഥാനത്ത് കെ റെയില്‍ സംവാദം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. പദ്ധതിയെ അനുകൂലിച്ച് മൂന്ന് പേരും എതിര്‍ത്തുകൊണ്ട് ഒരാളുമാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്. എതിര്‍ക്കുന്ന രണ്ടുപേര്‍ പിന്‍മാറിയിരുന്നു. ഇവര്‍ക്ക് പകരം ആരെയും ഉള്‍പ്പെടുത്താതെ തന്നെ സംവാദവുമായി മുന്നോട്ടുപോവാന്‍ കെ റെയില്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതിയെ എതിര്‍ക്കുന്ന ആര്‍ വി ജി മേനോന് കൂടുതല്‍ സമയം അനുവദിക്കും.

നാഷനല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് വിരമിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനാണ് മോഡറേറ്റര്‍. റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെംബര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങി പദ്ധതിയെ അനുകൂലിക്കുന്ന മൂന്നുപേരും എതിര്‍പക്ഷത്ത് നിന്ന് ഡോ. ആര്‍ വി ജി മേനോനും ഉള്‍പ്പെടുന്നതാണ് പാനല്‍.

Tags:    

Similar News