മുസ്ലിം യുവാക്കള്‍ക്കെതിരായ എന്‍എസ്എ: കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്ന് മായാവതി
ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപിയും മധ്യപ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസും തീവ്രവാദികളാണെന്നും മായാവതി കുറ്റപ്പെടുത്തി.
ലക്‌നോ: ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. അലിഗഢ്് മുസ്ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രേഹ കുറ്റം ചുമത്തി കേസെടുത്തതും ഗോവധത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ മൂന്നു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തിയതും പരാമര്‍ശിച്ചാണ് മായാവതിയുടെ കടന്നാക്രമണം.ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപിയും മധ്യപ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസും തീവ്രവാദികളാണെന്നും മായാവതി കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്ക് സമാനമാണ്. അവര്‍ ഗോവധത്തിന് മുസ്ലിങ്ങള്‍ക്കെതിരേ എന്‍എസ്എ ചുമത്തി. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഇരു പാര്‍ട്ടികളും തീവ്രവാദികളാണ്. മധ്യപ്രദേശും ഉത്തര്‍പ്രദേശും സംസ്ഥാന തീവ്രവാദത്തിന് ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു.കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വ്യത്യാസങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കാണിക്കൂവെന്നും അവര്‍ വെല്ലുവിളിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയെ തീവ്രവാദികളുടെ സര്‍വകലാശാല എന്ന് പറഞ്ഞ റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവര്‍ത്തകയായ നളിനി ശര്‍മ്മയെ തിരുത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ് കേസെടുത്തത്. അതേസമയം, മധ്യ പ്രദേശില്‍ പശുവിനെ കൊന്ന അഞ്ചുപേര്‍ക്കെതിരെ കഴിഞ്ഞ ആഴ്ചയാണ് കമല്‍ നാഥ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസെടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.