അറസ്റ്റിലായതിനുശേഷവും സ്റ്റാൻ സ്വാമിയെ എൻഐഎ ചോദ്യം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ
അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യൽ ഉണ്ടായിരുന്നു, പക്ഷേ ഒരു ദിവസം മാത്രമായിരുന്നു അതെന്ന് സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു.
മുബൈ: ഭീമാ കൊറേഗാവ് കേസിൽ തടവിൽ കഴിയവെ ഞായറാഴ്ച കസ്റ്റഡിയിൽ മരിച്ച 84 കാരനായ ജെസ്യൂട്ട് പുരോഹിതനെ മുംബൈയിലെ ജയിലിൽ അടച്ചതിന് ശേഷം ഒരിക്കൽ പോലും ചോദ്യം ചെയ്തിട്ടില്ലെന്ന് സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ പറഞ്ഞു.
അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യൽ ഉണ്ടായിരുന്നു, പക്ഷേ ഒരു ദിവസം മാത്രമായിരുന്നു അതെന്ന് സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. അവർക്ക് കൂടുതൽ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, അവർക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിനായി കൊണ്ടുപോകാമായിരുന്നു, പക്ഷേ അദ്ദേഹത്തോട് ചോദിക്കാൻ അവർക്ക് മറ്റൊന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2017 ൽ പൂനെക്കടുത്തുള്ള ഭീമ കൊറെഗാവ് ഗ്രാമത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതനായ സ്വാമിയെ 2020 ഒക്ടോബറിൽ കൊവിഡ് മഹാമാരിയുടെ മധ്യത്തിലാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.
ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് മെയ് 21 ന് ജെസ്യൂട്ട് പുരോഹിതൻ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനാൽ തനിയെ ഭക്ഷണം കഴിക്കുക, കുളിക്കുക തുടങ്ങിയ അടിസ്ഥാന കൃത്യങ്ങൾ പോലും ചെയ്യാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹരജി സമർപ്പിച്ചത്.
"അപകടകാരിയായ വ്യക്തി" ആയതിനാലാണ് 84 കാരനായ ആക്ടിവിസ്റ്റിന്റെ ജാമ്യത്തെ ദേശീയ അന്വേഷണ ഏജൻസി എതിർത്തതെന്ന് ദേശായി പറഞ്ഞു. അദ്ദേഹം കേസിലെ ഗൂഡാലോചകനാണെന്ന് അവർ പറഞ്ഞു കൊണ്ടിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. എല്ലാ ജാമ്യത്തേയും എൻഐഎ അന്ധമായി എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.