ജാര്‍ഖണ്ഡ് ജഡ്ജിയുടെ ദുരൂഹമരണം; അറസ്റ്റിലായവരെ നുണപരിശോധനയ്ക്ക് വിധേയരാക്കും
ലയേഡ് വോയിസ് അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് എന്നിവയും നടത്തും. ധന്‍ബാദ് പോലിസാണ് ഇരുവരെയും നാര്‍ക്കോ അനാലിസിസ് അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചത്. ഈ പരിശോധനകള്‍ നടത്താന്‍ പോലിസിന് കോടതിയുടെ അനുമതി ലഭിച്ചു.
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കും. അതോടൊപ്പം തന്നെ ലയേഡ് വോയിസ് അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് എന്നിവയും നടത്തും. ധന്‍ബാദ് പോലിസാണ് ഇരുവരെയും നാര്‍ക്കോ അനാലിസിസ് അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചത്. ഈ പരിശോധനകള്‍ നടത്താന്‍ പോലിസിന് കോടതിയുടെ അനുമതി ലഭിച്ചു. ഗുജറാത്ത് എഫ്എസ്എല്ലിലായിരിക്കും ഈ ടെസ്റ്റുകളും നടത്തുക. ഞങ്ങള്‍ ഗുജറാത്ത് എഫ്എസ്എല്ലുമായി ബന്ധപ്പെിട്ടുണ്ട്. അവരില്‍നിന്ന് തിയ്യതി കിട്ടിയിട്ടുണ്ട്- ധന്‍ബാദ് ജില്ലയിലെ സീനിയര്‍ പോലിസ് സൂപ്രണ്ട് സഞ്ജീവ് കുമാര്‍ പറഞ്ഞു.
വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ജാര്‍ഖണ്ഡ് ഹൈക്കോടതിയും അംഗീകരിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിബിഐ ഏറ്റെടുക്കുന്നതുവരെ ഞങ്ങളുടെ അന്വേഷണം തുടരും. വിവിധ ടീമുകള്‍ വിവിധ സ്ഥലങ്ങളില്‍ ചോദ്യം ചെയ്യുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്നും പോലിസ് വ്യക്തമാക്കി.
അതേസമയം, കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അതിന്റെ പുരോഗതി റിപോര്‍ട്ട് ചൊവ്വാഴ്ച ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് കേന്ദ്ര ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി അഡ്വക്കേറ്റ് ജനറല്‍ മുഖേന കോടതിയെ അറിയിച്ചു. കേസ് നിരീക്ഷിക്കുന്നത് തുടരുമെന്നും കോടതി പറഞ്ഞു. ധന്‍ബാദ് ജില്ലയിലെ അഡിഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോര്‍ട്ടില്‍ ജഡ്ജിയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിസ് ഉത്തം ആനന്ദ്.
ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഒരു ഓട്ടോ പിന്നില്‍നിന്ന് വന്നിടിച്ചിടുകയായിരുന്നു. ജഡ്ജിയെ ബോധപൂര്‍വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു. തലയ്ക്ക് പരിക്കേറ്റ് റോഡരികില്‍ കിടന്ന ജഡ്ജിയെ വഴിയാത്രക്കാരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുമണിക്കൂറിന് ശേഷം മരിച്ചു. ഹൈക്കോടതിയും പിന്നാലെ സുപ്രിംകോടതിയും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.