രാഷ്ട്രപതി തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി

ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Update: 2022-06-16 02:03 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി. ജൂലൈ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ജൂണ്‍ 29 വരെ പത്രിക സമര്‍പ്പിക്കാം. അതേസമയം, ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതോടെ ഇരു മുന്നണികള്‍ക്കും ഇടയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമായിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്നലെ മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

എന്നാല്‍, സ്ഥാനാര്‍ഥി ആരാവണമെന്ന ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല.

നിലവിലെ രാഷ്ട്രീയസാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥിയാകണമെന്ന നേതാക്കളുടെ അഭ്യര്‍ഥന എന്‍സിപി നേതാവ് ശരദ് പവാര്‍ നിരസിച്ചു. ഇതേത്തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നു. വിശദമായ കൂടിയാലോചനകള്‍ക്കുശേഷം പേരുകള്‍ ചര്‍ച്ച ചെയ്യാമെന്ന് ധാരണയിലെത്തി. ഈ മാസം 21നോ 28നോ വീണ്ടും യോഗം ചേരുമെന്നാണ് അറിയിയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി വിളിച്ച യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികളിലെ അംഗങ്ങള്‍ എത്തിയില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, മജ്‌ലിസ് പാര്‍ട്ടി എന്നിവരെ ക്ഷണിച്ചിരുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേഷ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്തത്. ഇടതുപാര്‍ട്ടികളുടെ പ്രതിനിധികളായ എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവര്‍ പങ്കെടുത്തു. ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, പി സി ചാക്കോ (എന്‍സിപി.), ടി ആര്‍ ബാലു (ഡിഎംകെ.), അഖിലേഷ് യാദവ് (എസ്പി.), മെഹ്ബൂബാ മുഫ്തി (പിഡിപി), ഉമര്‍ അബ്ദുല്ല (നാഷണല്‍ കോണ്‍ഫറന്‍സ്), എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാര സ്വാമി (ജെഡിഎസ്), ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലിം ലീഗ്), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) എന്നിവര്‍ യോഗത്തിനെത്തി.

അതേസമയം, പ്രതിപക്ഷവുമായി സമവായ ശ്രമങ്ങളുമായി ബിജെപി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തുന്നത്. സ്ഥനാര്‍ഥിയായി ആരുടേയും പേര് ബിജെപി ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ല. പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ തേടിയുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടത്തുന്നതെന്നാണ് ബിജെപി വിശദീകരണം. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് എന്‍ഡിഎ യോഗം ഉടന്‍ ചേര്‍ന്നേക്കും.

Similar News