ഓക്‌സിജന്‍ കിട്ടിയില്ല; തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന നാലുപേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന മൂന്നുരോഗികളുമാണ് മരിച്ചത്. ഓക്‌സിജന്റെ അഭാവം മൂലമാണ് രോഗികള്‍ മരിക്കാനിടയായതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.

Update: 2021-04-20 01:10 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. വിതരണ ശ്യംഖലയിലെ പിഴവാണ് ഓക്‌സിജന്‍ മുടങ്ങാന്‍ കാരണമെന്നാണ് റിപോര്‍ട്ട്. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന നാലുപേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന മൂന്നുരോഗികളുമാണ് മരിച്ചത്. ഓക്‌സിജന്റെ അഭാവം മൂലമാണ് രോഗികള്‍ മരിക്കാനിടയായതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.

രോഗികള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നമുള്ളതിനാലാണ് മരണം സംഭവിച്ചതെന്നും ഓക്‌സിജന്‍ സങ്കേതികപ്രശ്‌നം മിനിറ്റുകള്‍ക്കകം പരിഹരിച്ചിരുന്നുവെന്നമാണ് ആശുപത്രിയുടെ വിശദീകരണം. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഓക്‌സിജന്‍ വിതരണം ശരിയായ രീതിയില്‍ ഉറപ്പുവരുത്തി രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടെന്ന് അവര്‍ ആരോപിച്ചു. ഓക്‌സിജന്‍ വിതരണം നടക്കുന്നില്ലായിരുന്നു.

ഞങ്ങള്‍ ഡോക്ടര്‍മാരോട് ചോദിച്ചപ്പോള്‍ സാങ്കേതിക വിദഗ്ധര്‍ ഈ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നാണ് പറഞ്ഞത്- തീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഒരു രോഗിയുടെ ബന്ധു വിനോദ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടതായി ആശുപത്രി വൃത്തങ്ങള്‍ വിശദീകരിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ധരെ ഉടന്‍ നിയോഗിക്കുകയും ചെയ്തു. അതേസമയം, ഓക്‌സിജന്‍ ലഭ്യമാവാത്തതാണ് മരണകാരണമെന്ന ആരോപണം അധികൃതര്‍ നിഷേധിക്കുകയാണ്.

സംഭവത്തില്‍ വെല്ലൂര്‍ ജില്ലാ കലക്ടര്‍ എ ഷണ്‍മുഖ സുന്ദരം അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണ്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളാണ് മരണകാരണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കലക്ടര്‍ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണം. ഇവരില്‍ നാലുപേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കകളുടെ തകരാറ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നു. കൊവിഡ് വാര്‍ഡുകളിലെ 59 രോഗികളും കൊവിഡ് ഇതര വാര്‍ഡുകളില്‍ 62 രോഗികളും ഓക്‌സിജനെ ആശ്രയിച്ച് കഴിയുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ വിതരണ ശൃംഖലയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍ മറ്റെല്ലാവരെയും ഇത് ബാധിക്കുമായിരുന്നു. എന്നാല്‍, അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല. ജിവിഎംസിഎച്ചിന് 10,000 ലിറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ ടാങ്കും 55 സിലിണ്ടറുകളും സൂക്ഷിച്ചിട്ടുണ്ട്. 6,000 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് തിങ്കളാഴ്ച കമ്മീഷന്‍ ചെയ്തതായും മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഷണ്‍മുഖ സുന്ദരം പറഞ്ഞു. അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) നാരായണബാബുവും മരണത്തെക്കുറിച്ച് അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി ഡിഎംഇയും സ്ഥലം സന്ദര്‍ശിക്കും- തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ജെ രാധാകൃഷ്ണന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Tags:    

Similar News