പിഎസ് സി പരീക്ഷാ ക്രമക്കേട് സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കള്‍

പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്എംഎസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്

Update: 2019-08-19 16:54 GMT

തിരുവനന്തപുരം: പിഎസ് സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ത്തിക്കിട്ടിയെന്നു യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളുടെ കുറ്റസമ്മതം. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് ശിവരഞ്ജിത്തും നസീമും പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് സമ്മതിച്ചത്. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്എംഎസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം ചോദ്യങ്ങള്‍ പുറത്തുപോയത് എങ്ങനെയെന്നതിനെ കുറിച്ച് വ്യക്തമായ മറുപടി ഇവരില്‍നിന്നു ലഭിച്ചിട്ടില്ലെന്നാണു സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികള്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.

    ഒരു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ആദ്യം അന്വേഷണസംഘത്തോട് ഉരുവരും സഹകരിച്ചിരുന്നില്ല. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറില്‍ ഉത്തരം ചോര്‍ന്നു കിട്ടിയത് പ്രതികള്‍ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് എല്ലാം സമ്മതിച്ചത്. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ത്തി പരീക്ഷയെഴുതിയെന്ന് സംശയത്തിനിടയില്ലാത്ത വിധം തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താനാവുകയുള്ളൂ. ഇതിനു മുഖ്യപ്രതികളെ പിടികൂടണം. എന്നാല്‍ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാംപിലെ പോലിസുകാരന്‍ ഗോകുലിനെയും സുഹൃത്ത് സഫീറിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. പരീക്ഷാ ഹാളില്‍ പ്രതികള്‍ മൊബൈല്‍ ഫോണോ സ്മാര്‍ട്ട് വാച്ചോ ഉപയോഗിച്ചെന്നാണ് പോലിസിന്റെ സംശയം. ഇതിന്റെ പൂര്‍ണവിവരങ്ങള്‍ ലഭിക്കാന്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്ക് കൂടി പോലിസ് അന്വേഷിക്കുന്നുണ്ട്.


Tags:    

Similar News