ന്യൂഡല്‍ഹി: സിപിഎം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി.
ഇതിനോടകം മുപ്പതിലേറെ തവണ ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സെപ്റ്റംബര്‍ 13 ലേക്ക് പരിഗണിക്കാന്‍ മാറ്റുമ്പോള്‍ തന്നെ ലാവലിന്‍ കേസ് ഇനി മാറ്റിവെക്കാന്‍ ഇടയാകരുതെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ രണ്ടാമതായി ലാവ്‌ലിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഭരണഘടന ബെഞ്ച് കേസുകള്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ ഈ കേസുകള്‍ പരിഗണിക്കുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ 2018 ജനുവരി 11ന് സുപ്രിം കോടതി നോട്ടിസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടി പി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്. പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രിം കോടതിയ സമീപിച്ചത്.