മുസ്‌ലിം അഭിഭാഷകനെ വെടിവെച്ചുകൊന്ന പോലിസുകാരന് ജീവപര്യന്തം

അഭിഭാഷകനായ നബി അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ ശൈലേന്ദ്ര സിംഗ് എന്ന പോലിസ് സബ് ഇന്‍സ്‌പെക്ടറെയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഒരു കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Update: 2022-09-24 09:50 GMT

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം അഭിഭാഷകനെ വെടിവെച്ചുകൊന്ന പോലിസുകാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അഭിഭാഷകനായ നബി അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ ശൈലേന്ദ്ര സിംഗ് എന്ന പോലിസ് സബ് ഇന്‍സ്‌പെക്ടറെയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഒരു കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2015ല്‍ അലഹബാദ് ജില്ലാ സെഷന്‍സ് കോടതി വളപ്പിലാണ് കൊലപാതകം നടന്നത്. കേസിലെ മറ്റൊരു പ്രതി റാഷിദ് സിദ്ദിഖിനെ കോടതി വെറുതെ വിട്ടു. 'കോടതിയില്‍ മൊത്തം 10 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട റാഷിദിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അയാള്‍ ജാമ്യത്തില്‍ കഴിയുകയാണ്'- 'ആക്ടിംഗ് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ അജയ് മൗര്യ പറഞ്ഞു.

2015 മാര്‍ച്ച് 11ന് ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ കോടതി വളപ്പില്‍ വെച്ച് ശൈലേന്ദ്ര തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് അഭിഭാഷകന്‍ നബി അഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുള്ളറ്റ് ശരീരത്തില്‍ തുളച്ചുകയറിയ നബി അഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒരു കേസില്‍ ശൈലേന്ദ്ര റാഷിദിനെ സഹായിച്ചെന്ന് നബി ആരോപിച്ചിരുന്നു.ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു കേസിന്റെ വിചാരണ റായ്ബറേലിയിലേക്ക് മാറ്റിയത്.

Tags:    

Similar News