കൊൽക്കത്തയിൽ ബിജെപി റോഡ്ഷോയ്ക്ക് നേരെ ജനങ്ങളുടെ കല്ലേറ്
സംഭവം നടന്ന തെക്കൻ കൊൽക്കത്തയിലെ മുഡിയാലി പ്രദേശത്ത് വലിയ പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിൽ നടന്ന റാലിക്ക് മണിക്കൂറുകൾക്ക് പിന്നാലെ കൊൽക്കത്തയിൽ ബിജെപി റോഡ്ഷോയ്ക്ക് നേരെ ജനങ്ങൾ കല്ലെറിഞ്ഞു. ഗോ ബാക്ക് മുദ്രാവാക്യവുമായാണ് ജനങ്ങൾ കല്ലേറ് നടത്തിയതെന്ന് എൻഡിടിവി റിപോർട്ട് ചെയ്യുന്നു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. സംഭവം നടന്ന തെക്കൻ കൊൽക്കത്തയിലെ മുഡിയാലി പ്രദേശത്ത് വലിയ പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബിജെപി ഇന്ന് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിവർത്തൻ യാത്രക്ക് നേരെയാണ് പ്രദേശവാസികൾ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി കല്ലെറിഞ്ഞത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം ശക്തമാണ്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നഗരത്തിൽ രാഷ്ട്രീയ സംഘർഷം വർധിച്ചുകൊണ്ടിരിക്കുകയാണ്. 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടക്കുന്നത്.