പാര്‍ലമെന്റ് അംഗത്വം രാജിവച്ച് മല്‍സരിക്കണമെന്ന് ശിവന്‍കുട്ടി; കയ്യാങ്കളി നടത്തി നേമത്തുകാര്‍ക്ക് നാണക്കേടുണ്ടാക്കില്ലെന്ന് മുരളീധരന്‍
നേമത്ത് വാക്‌പോര് തുടങ്ങി
തിരുവനന്തപുരം: കെ മുരളീധരന്‍ നേമത്ത് സ്ഥാനാര്‍ഥിയായതോടെ, മുന്നണി സ്ഥാനാര്‍ഥികള്‍ വാക്‌പോര് തുടങ്ങി. കെ മുരളീധരന്‍ പാര്‍ലമെന്റ് അംഗത്വം രാജിവച്ച് നേമത്ത് മല്‍സരിക്കാന്‍ ധൈര്യം കാണിക്കണമെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. കുമ്മനം രാജശേഖരന് മണ്ഡലത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എംഎല്‍എ കാട്ടിയ പോലെ കയ്യാങ്കളി നടത്തി നേമത്തുകാര്‍ക്ക് നാണക്കേടുണ്ടാക്കാന്‍ താന്‍ ശ്രമിക്കില്ലെന്ന് കെ മുരളീധരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടെ നിയമസഭ കയ്യാങ്കളി കേസ് ഓര്‍മ്മപ്പെടുത്തിയാണ് കെ മുരളീധരന്റെ ഒളിയമ്പ്. അതിനിടെ, എതിര്‍സ്ഥാനാര്‍ഥികളോട് മാന്യമായി ഇടപെടണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ നേമം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഉപദേശിച്ചു. കെ മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ഥിയാണെന്നും ഒ രാജഗോപാല്‍, കുമ്മനത്തെ ഉണര്‍ത്തി. നേമത്ത് സിപിഎമ്മിനെ സഹായിക്കാനാണ് കോണ്‍ഗ്രസ് കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു.