കൂടത്തായിയിലെ മരണങ്ങളെല്ലാം കൊലപാതകങ്ങളെന്ന് സ്ഥിരീകരിച്ച് പോലിസ്
കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ എല്ലാം കൊലപാതകമാണെന്ന് പോലിസ്. ആറ് മരണങ്ങളും മരിച്ച റോയിയുടെ ഭാര്യ ജോളി ആസൂത്രണം ചെയ്തതാണെന്ന് വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ആറു മരണങ്ങള് നടന്ന സമയത്തെയും ജോളിയുടെ സാന്നിധ്യമാണ് സംശയം ബലപ്പെടുത്തിയതെന്നും എല്ലാ മരണങ്ങളിലും ഒരേ സ്വഭാവമാണ് ഉള്ളതെന്നും എസ്പി പറഞ്ഞു.
ജോളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്കുള്ള വഴി തുറന്നതെന്നു പറഞ്ഞ എസ്പി ജോളിയുടെ ഭാര്‍ത്താവ് ഷാജുവിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും വ്യക്തമാക്കി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സ്വത്ത് തര്‍ക്കം മാത്രമല്ലെന്നും വ്യാജ ഒസ്യത്ത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പറഞ്ഞ എസ്പി ജോളി ഭര്‍തൃപിതാവിനെ കൊന്നത് കൂടുതല്‍ സ്വത്ത് നല്‍കില്ലെന്ന് പറഞ്ഞതിനാണെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി ഇതിനോടകം തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സ്ഥിരീകരണത്തിന് ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കണമെന്നും കല്ലറകളില്‍ നിന്ന് രണ്ടു പേരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കല്ലറ പുതുക്കി പണിതപ്പോള്‍ ബാക്കിയുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെനിന്നും നീക്കിയെന്നും എസ്പി പറഞ്ഞു.
മരിച്ച റോയിയുടെ ഭാര്യ ജോളി, ജോളിയെ സഹായിച്ച ജൂവല്ലറി ജീവനക്കാരന് മാത്യു, മാനന്തവാടിയിലെ സ്വര്ണപണിക്കാരന് പ്രജുകുമാര്‍ എന്നിവരെ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തേ, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയായേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.