ജൂത റബി സ്വി കോഗൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർക്ക് വധശിക്ഷ വിധിച്ച് യുഎഇ കോടതി
അബൂദബി: ഇസ്രായേലി സൈനികനും ജൂത റബിയുമായിരുന്ന സ്വി കോഗൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർക്ക് വധശിക്ഷ. ഒരാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായും അബൂദബി അപ്പീൽ കോടതി അറിയിച്ചു. ഉസ്ബെക്കിസ്ഥാൻ സ്വദേശികളാണ് ശിക്ഷക്ക് വിധിക്കപ്പെട്ടവർ.
കഴിഞ്ഞ നവംബറിലാണ്, യുഎഇയിൽ സ്വന്തമായി സൂപ്പർ മാർക്കറ്റും കൂടിയുള്ള
സ്വി കോഗനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന് തുർക്കിയിൽ നിന്നാണ് കുറ്റാരോപിതരെ പിടികൂടി യുഎഇയിലേക്ക് കൊണ്ടുവന്നത്.
പ്രതികൾ കോഗനെ പിന്തുടർന്ന് കൊലപ്പെടുത്തിയെന്നാണ് കോടതി വിധി പറയുന്നത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങൾ പ്രതികൾ സമ്മതിച്ചെന്നും
ഫോറൻസിക് റിപ്പോർട്ടുകൾ, പോസ്റ്റ്‌മോർട്ടം പരിശോധനാ കണ്ടെത്തലുകൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദാംശങ്ങൾ, സാക്ഷി മൊഴികൾ എന്നിവയും പരിശോധിച്ചെന്നും കോടതി അവകാശപ്പെട്ടു.
മുൻകാലത്ത് ഗസയിൽ അധിനിവേശം നടത്തിയ സൈനിക യൂണിറ്റിലെ അംഗമായ കോഗൻ, ചബാദ് എന്ന ജൂത വലതു പക്ഷവിഭാഗത്തിൻ്റെ പ്രതിനിധിയാണ്. യുഎഇയും ഇസ്രായേലും തമ്മിൽ ബന്ധം സ്ഥാപിച്ചതിന് പിന്നാലെ നിരവധി ജൂതൻമാരാണ് യുഎഇയിൽ താമസിക്കുന്നതും ബിസിനസ് ചെയ്യുന്നതും.