കൊച്ചി: സ്മിത തിരോധാനക്കേസില്‍ ഭര്‍ത്താവ് സാബു ആന്റണിയെ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. ദുബൈയില്‍ വച്ച് 2005 സെപ്റ്റംബറില്‍ ഭാര്യ സ്മിതയെ സാബു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സാബു കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
2005 മെയിലായിരുന്നു സാബുവിന്റെയും സ്മിതയുടെയും വിവാഹം. 15 ദിവസം കഴിഞ്ഞ് സാബു ദുബൈക്ക് മടങ്ങി. സെപ്റ്റംബര്‍ ഒന്നിന് ദുബൈയിയില്‍ സാബുവിന് അടുത്ത് എത്തിയ സ്മിതയെ മൂന്നാം തീയതി കാണാതായി. മറ്റൊരാള്‍ക്ക് ഒപ്പം പോകുന്നു എന്ന ഒരു കത്ത് റൂമില്‍ നിന്ന് ലഭിച്ചിരുന്നു. പിറ്റേ ദിവസം വിവരം അന്വേഷിക്കാന്‍ വന്ന സ്മിതയുടെ ബന്ധു മാക്‌സണ്‍, സാബുവിനെയും റൂമില്‍ കണ്ട ദേവയാനി എന്ന സ്ത്രീയെയും മര്‍ദ്ദിച്ചു. സ്മിതയുടെ തിരോധാനത്തില്‍ ദേവയാനിയെ സംശയിച്ച് സാബു, ദുബൈ പോലിസില്‍ പരാതി നല്‍കി. ദേവയാനിയെ മര്‍ദിച്ചെന്ന പരാതിയില്‍ മാക്‌സണും സാബുവും ദുബൈ ജയിലിലായി. സാബുവിന്റെ പരാതിയില്‍ ദേവയാനി കരുതല്‍ തടങ്കലിലുമായി. മൂവരും എട്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞു. ശേഷം സാബു ദുബൈയില്‍ നിന്ന് മടങ്ങി വന്ന് അമേരിക്കയില്‍ ജോലിക്കായി പോയി.
2011ലാണ് സ്മിതയെ കാണാതായതില്‍ സാബുവിനെതിരെ പള്ളുരുത്തി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരം 2015ല്‍ െ്രെകംബ്രാഞ്ചും 2017ല്‍ സിബിഐയും അന്വേഷണം എറ്റെടുത്തു. സ്മിതയെ തന്റെ മുന്നില്‍ വച്ച് സാബു കുത്തി പരിക്കേല്‍പ്പിക്കുന്നത് കണ്ടുവെന്ന് ദേവയാനി െ്രെകംബ്രാഞ്ചിന് മൊഴി നല്‍കി. സ്മിത എഴുതി വച്ചുപോയി എന്ന് പറയുന്ന കത്തിലെ കൈയക്ഷരം സാബുവിന്റേതാണെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. അങ്ങിനെ 2015ല്‍ അമേരിക്കയില്‍ നിന്നും തിരിച്ചുവന്ന സാബു അറസ്റ്റിലായി.
ശാസ്ത്രീയ പരിശോധനകള്‍ക്കായി ദേവയാനിയെയും സാബുവിനെയും സിബിഐ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ദേവയാനി ആത്മഹത്യ ചെയ്തു. കേസില്‍ കൃത്യമായ തെളിവുകളൊന്നും ശേഖരിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.