സുപ്രിംകോടതിയില്‍ വീണ്ടും അസാധാരണ നടപടി; അവധിക്കാല ബെഞ്ചിന് ഇത്തവണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മെയ് 25 മുതല്‍ 30 വരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. സാധാരണ അവധിക്കാല ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് മാര്‍ അംഗങ്ങളാകാറില്ല. ഈ തീരുമാനത്തോടെ അസാധാരണമായ നടപടിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
ന്യുഡല്‍ഹി: സുപ്രിംകോടതിയുടെ വേനല്‍ അവധിക്കാല ബെഞ്ചിന് ഇത്തവണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മെയ് 25 മുതല്‍ 30 വരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. സാധാരണ അവധിക്കാല ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് മാര്‍ അംഗങ്ങളാകാറില്ല. ഈ തീരുമാനത്തോടെ അസാധാരണമായ നടപടിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
മേയ് 13 മുതലാണ് വാര്‍ഷിക വേനല്‍ക്കാല അവധിയില്‍ സുപ്രീംകോടതി പ്രവേശിക്കുക. അവധിക്കാല ബെഞ്ചിന്റെ സമയ പരിധി അവസാനിക്കുന്നത് ജൂണ്‍ 30 നാണ്. അവധിക്കാല കാലയളവിലെ അടിയന്തിര വിഷയങ്ങള്‍ കൈകാര്യം ചെയ്യുക ഈ ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ഒപ്പം ജസ്റ്റിസ് എം ആര്‍ ഷാ ആണ് ബെഞ്ചില്‍ ഉള്ളത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുകയാണെങ്കില്‍ ഈ ബെഞ്ചാകും പരിഗണിക്കുക.
അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാനുള്ള തീരുമാനം രാഷ്ട്രപതി രാമനാഥ് കോവിന്ദ് എടുത്താല്‍ തീരുമാനത്തെ ചോദ്യം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കും. അങ്ങിനെ വരികയാണെങ്കില്‍ അത് 'അടിയന്തിരമായി കേള്‍ക്കുക ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം സംഭവവികാസങ്ങള്‍ പതിവാണ്.
കഴിഞ്ഞ വര്‍ഷം മെയ് 16 നും 17 നും അവധിക്കാല ബെഞ്ചായിരുന്നു കര്‍ണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടന്ന നാടകീയ സംഭവ വികാസങ്ങളില്‍ ഇടപെട്ടിരുന്നത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ ബി.ജെ.പി ഒറ്റകക്ഷിയായി ഉയര്‍ന്നുവന്നാല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയെ ക്ഷണിക്കാന്‍ പ്രസിഡന്റ് കോവിന്ദ് ശ്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങുന്നതാണ് മെയ് 13 മുതല്‍ 20 വരെ ഉള്ള അവധിക്കാല ബെഞ്ച്. ജസ്റ്റിസ് അരുണ്‍ മിശ്ര ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ അടങ്ങുന്നതാണ് മെയ് 21 മുതല്‍ മെയ് 24 വരെ ഉള്ള ബെഞ്ച്. മെയ് 25 മുതല്‍ 30 വരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ അടങ്ങുന്നതാണ് ബെഞ്ച്. ജൂണ്‍ മാസത്തെ ബെഞ്ചിന്റെ വിജ്ഞാപനം മെയ് അവസാന വാരം മാത്രമേ പുറത്ത് വരുകയുള്ളു. ജൂലൈ ഒന്നിനാണ് വേനല്‍ അവധിക്ക് ശേഷം കോടതി വീണ്ടും തുറക്കുന്നത്.