ഇന്തോനേസ്യയില്‍ 100 വയസ്സുകാരി കൊവിഡ് മുക്തയായി

Update: 2020-05-31 16:42 GMT

ജക്കാര്‍ത്ത: ഇന്തോനേസ്യയില്‍ 100 വയസ്സുകാരി കൊവിഡ് മുക്തയായി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സുരബായയില്‍ ഒരു മാസത്തെ ചികില്‍സയ്ക്കു ശേഷമാണ് കാംതിം എന്ന വയോധിക കൊവിഡ് മുക്തയായി ആശുപത്രി വിട്ടത്. കൊറോണ ബാധിച്ച് രോഗമുക്തി നേടിയ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കാംതിം. പ്രായമായവര്‍ക്കു രോഗം അപകടകരമാണെങ്കിലും കാംതിമിന്റെ അനുഭവം ഉത്തേജനം നല്‍കുന്നതാണെന്നു ഈസ്റ്റ് ജാവ ഗവര്‍ണര്‍ ഖോഫിഫ ഇന്ദര്‍ പരവന്‍സ പറഞ്ഞു.

    1920ല്‍ ജനിച്ച കാംതിമിനെ കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. കാംതിമിന്റെ മരുമകള്‍ സിതി ആമിനയാണ് ഇവരെ പരിചരിക്കാന്‍ കൂടെയുണ്ടായിരുന്നത്. 'എല്ലാ ദിവസവും ഞാന്‍ അവരുടെ അവസ്ഥ നഴ്‌സുമാരോട് ചോദിച്ചു. അവള്‍ വളരെ ശക്തയും മരുന്ന് കഴിക്കുന്നതില്‍ ശ്രദ്ധാലുവുമാണെന്നാണ് എപ്പോഴും മറുപടി ലഭിച്ചതെന്ന് ആമിന എഎഫ്പിയോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. അവര്‍ ഒരിക്കലും പുറത്തുപോയിട്ടില്ലെന്നും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രോഗമുണ്ടായതെന്നും ആമിന പറഞ്ഞു.

ഇന്തോനേസ്യയില്‍ 26,000ത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും 1,613 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.




Tags:    

Similar News