പുത്തുമലയില്‍ 13 വീടുകളും കവളപ്പാറയില്‍ 14 വീടുകളും കൈമാറി; വേദനിക്കുന്ന മനുഷ്യനെ സഹായിക്കുന്നതില്‍ ജാതിയും മതവുമില്ലെന്ന് കാന്തപുരം
കല്‍പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പുത്തുമലയിലെ ദുരിത ബാധിതര്‍ക്ക് 13 വീടുകളുടെയും കവളപ്പാറയില്‍ 14 വീടുകളുടെയും താക്കോല്‍ദാനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വഹിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, സാന്ത്വനം, ഐസിഫ് ഗള്‍ഫ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. പുത്തുമല ഹര്‍ഷത്തില്‍ നടന്ന ചടങ്ങിലാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രളയബാധിതര്‍ക്ക് വീടുകള്‍ സമര്‍പ്പിച്ചത്. വേദനിക്കുന്ന മനുഷ്യനെ സഹായിക്കുന്നതില്‍ ജാതിയും മതവുമില്ല, പാവപ്പെട്ടവനെ ചേര്‍ത്ത് പിടിക്കാനാണ് മതം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഷ്ടപെടുന്നവരെ സഹായിക്കാനും അനാഥകളെയും അഗതികളെയും ചേര്‍ത്ത് നിര്‍ത്താനും ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. 2019 ലെ പ്രളയത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്‌ലിം ജമാഅത്ത് തുണയാകുന്നത് ഞങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ്. അന്ന് ജീവനും കൊണ്ട് എല്ലാം ഉപേക്ഷിച് രക്ഷപ്പെട്ടവര്‍ക്ക് വീടൊരുക്കാന്‍ കഴിഞ്ഞതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ട്. കാന്തപുരം പറഞ്ഞു.
'മറ്റനേകം സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും നിരവധി വീടുകളും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. സ്വന്തമായി കിടപ്പാടം കിട്ടിയ എല്ലാം നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ നിറ സ്‌നേഹവും പ്രാര്‍ത്ഥനയും കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു.
വീടുകള്‍ കൂടാതെ കുടുംബങ്ങള്‍ക്കാവശ്യമായ കുടിവെള്ളവും യാഥാര്‍ഥ്യമായിക്കഴിഞ്ഞു. പുത്തുമല ഹര്‍ഷം പദ്ധതിയില്‍ അറുപത് കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതി പത്ത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു നല്‍കുന്നത് മര്‍കസാണ്. 2018, 2019 കാലത്തെ പ്രളയത്തില്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സാമ്പത്തിക സഹായം, ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ എത്തിച്ചുനല്‍കുന്നതില്‍ കേരള മുസ്‌ലിം ജമാഅത്തും എസ് വൈ എസ് സാന്ത്വനവും ഐ സി എഫും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ദുരന്തബാധിതരുടെയും എല്ലാം നഷ്ടപ്പെട്ടവരുടെയും കണ്ണീരൊപ്പാന്‍ പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. 27 വീടുകള്‍ ഇന്ന് സമ്മാനിക്കുമ്പോള്‍ അഹ് ലുബൈത്തില്‍ പെട്ട നിര്‍ധന സാദാത്ത് കുടുംബങ്ങള്‍ക്കുള്ള 100 വീട് എന്ന പദ്ധതി (ESKAN) പ്രകാരമുള്ള വീടുകളുടെ തറക്കല്ലിടല്‍ ഇന്ന് വയനാട്ടിലെ വെണ്ണിയോട് ആരംഭിക്കുകയാണ്'. കാന്തപുരം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പുത്തുമലയില്‍ സര്‍ക്കാര്‍ സഹായത്തോടെ 13 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായത്. 6 വീടുകള്‍ ഹര്‍ഷം പ്രൊജക്ടിലും ഏഴെണ്ണം പുത്തൂര്‍വയല്‍,കോട്ടനാട്,കോട്ടത്തറവയല്‍ എന്നിവിടങ്ങളിലുമാണ് നിര്‍മിച്ചത്. ടി സിദ്ധീഖ് എംഎല്‍എ, എ എന്‍ പ്രഭാകരന്‍, പിപിഎ കരീം,ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശേരി, എന്‍ അലി അബ്ദുല്ല, സി.പി.സൈതലവി മാസ്റ്റര്‍,സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ , കെ.കെ.സഅദ് ,എസ് ശറഫുദ്ധീന്‍ സംസാരിച്ചു.