'ജോബ് ജിഹാദ്'; വീണ്ടും മുസ്‌ലിം വിദ്വേഷ പ്രചാരണവുമായി സുദര്‍ശന്‍ ടിവി

പവന്‍ ഹാന്‍സ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുത്ത 10 ഉദ്യോഗാര്‍ത്ഥികള്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള മുസ്‌ലിംകളായിരുന്നു. ഇവരുടെ ലിസ്റ്റ് ഉള്‍പ്പടെ പുറത്ത് വിട്ടായിരുന്നു പ്രചാരണം.

Update: 2022-04-18 12:19 GMT

ന്യൂഡല്‍ഹി: മുസ്‌ലിം പ്രചാരണങ്ങള്‍ തുടര്‍ന്ന് ഹിന്ദുത്വ വലതുപക്ഷ ടെലിവിഷന്‍ ചാനലായ സുദര്‍ശന്‍ ടി വി. പുതുതായി ജോബ് ജിഹാദെന്ന വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുദര്‍ശന്‍ ടി വിയുടെ എഡിറ്റര്‍ സുരേഷ് ചവാങ്കെ. പവന്‍ ഹാന്‍സ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുത്ത 38 ഉദ്യോഗാര്‍ത്ഥികളില്‍ 13 പേര്‍ മുസ്‌ലിംകള്‍ ആണെന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ ജോബ് ജിഹാദ് വിദ്വേഷ പ്രചാരണമാരംഭിച്ചിരിക്കുന്നത്.

2022 ഏപ്രില്‍ 15 നാണ് ജോബ് ജിഹാദ് എന്ന വിഷയവുമായി സുരേഷ് ചവാങ്കെ രംഗത്ത് വരുന്നത്. ജോലി സുരക്ഷിതമാക്കാനും ഹിന്ദുക്കളുടെ ഉപജീവനമാര്‍ഗങ്ങളെ അപകടത്തിലാക്കാനുമുള്ള മുസ്‌ലിംകളുടെ ഗൂഢാലോചനയുടെ ഒരു ബോഗിയാണ് ഇതെന്ന് ചാനല്‍ ആരോപിച്ചു. പവന്‍ ഹാന്‍സ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുത്ത 10 ഉദ്യോഗാര്‍ത്ഥികള്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള മുസ്‌ലിംകളായിരുന്നു. ഇവരുടെ ലിസ്റ്റ് ഉള്‍പ്പടെ പുറത്ത് വിട്ടായിരുന്നു പ്രചാരണം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹിന്ദുക്കള്‍ക്ക് ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ആരോപണം. പവന്‍ ഹാന്‍സില്‍ 100% അപ്രഖ്യാപിത സംവരണം കൊണ്ട് മുസ്‌ലിംകള്‍ പ്രയോജനം നേടുന്നുവെന്ന് ചവാങ്കെ പറഞ്ഞു.

ഹിന്ദുത്വ ആള്‍ക്കൂട്ടത്തെ നയിച്ച രാഗിണി തിവാരി ഡല്‍ഹി മുസ്‌ലിം വംശഹത്യക്കിടെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനിടെ പുറത്ത് വന്നിരുന്നു. പവന്‍ ഹാന്‍സ് ഓഫീസിലേക്കും അന്ന് കല്ലേറുണ്ടായിരുന്നു. മൗജ്പൂരില്‍ ഉള്‍പ്പടെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തെ നയിച്ച് കലാപം സൃഷ്ടിച്ചയാളാണ് രാഗിണി തിവാരി.

'ഒരു സര്‍ക്കാര്‍ കമ്പനിക്ക് മുസ്‌ലിംകള്‍ക്ക് മാത്രം തൊഴില്‍ നല്‍കാന്‍ കഴിയുമോ? പവന്‍ ഹാന്‍സില്‍ മുസ്‌ലിംകള്‍ക്ക് 100% സംവരണം ഉണ്ടോ' ചവാങ്കെ ചോദിച്ചു. തിവാരിയെയും സംഘത്തെയും പുലിക്കുട്ടികള്‍ എന്നാണ് ചവാങ്കെ വിശേഷിപ്പിച്ചത്.

'പൈസ ശ്രീരാം കാ ഔര്‍ ഫയ്ദാ ചുസ്‌ലാം കാ (പണം ഹിന്ദുക്കളില്‍ നിന്ന് വരുന്നു, ജോലി മുസ്‌ലിംകള്‍ക്കും), തിവാരി പറയുന്നു. മോദിയെയും യോഗിയെയും എതിര്‍ക്കുന്ന ജാമിഅയിലെ തീവ്രവാദികള്‍ക്ക് എന്തിനാണ് തൊഴില്‍ നല്‍കുന്നത്? മുസ്‌ലിംകളെ പുറത്താക്കി ഹിന്ദുക്കള്‍ക്ക് ജോലി ലഭിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്ന് അവര്‍ ആക്രോശിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം സംഭവത്തില്‍ ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ സുദര്‍ശനന്റെയും ഹിന്ദുത്വ പ്രതിഷേധക്കാരുടെയും അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Similar News