ശമ്പളക്കുടിശ്ശിക നല്‍കിയില്ല; 150 ഓളം സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ പണിമുടക്കി, പ്രശ്‌നം പരിഹരിച്ചെന്ന് അധികൃതര്‍
ന്യൂഡല്‍ഹി: ശമ്പളക്കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ 150 ഓളം ജീവനക്കാര്‍ പണിമുടക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ഒരുവിഭാഗം ജീവനക്കാരനാണ് എയര്‍ലൈന്‍സ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാവാതെ പ്രതിഷേധം നടത്തുകയായിരുന്നു. അതേസമയം, പണിമുടക്ക് സര്‍വീസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ ഒരു വിഭാഗം സ്‌പൈസ് ജെറ്റ് ജീവനക്കാരുമായുള്ള പ്രശ്‌നം പരിഹരിക്കപ്പെടുകയും ജീവനക്കാര്‍ ജോലിയില്‍ തിരിച്ചെത്തുകയും ചെയ്തു.
സ്‌പൈസ് ജെറ്റിന്റെ ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ്- എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. സ്‌പൈസ് ജെറ്റിനെതിരേ വ്യാപക പരാതികളുന്നയിച്ച് മുന്‍ പൈലറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (DGCA) നേരത്തെ കത്തയച്ചിരുന്നു. എയര്‍ലൈന്‍സ് സുരക്ഷിത മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്നും ശമ്പളം വെട്ടിക്കുറച്ചതിനാല്‍ പൈലറ്റുമാര്‍ കടുത്ത സമ്മര്‍ദത്തിലാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഡിജിസിഎ ഈ കത്ത് അംഗീകരിക്കുകയും 'സുരക്ഷിതത്വ നിയമലംഘനങ്ങള്‍ സംബന്ധിച്ച കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന്' മറുപടി നല്‍കുകയും ചെയ്തു.
സ്‌പൈസ് ജെറ്റില്‍നിന്ന് പുറത്തുപോയ മുന്‍ ക്യാപ്റ്റന്‍ വിനോദ് ലോഗനാഥനാണ് കത്തയച്ചത്. കൊവിഡ് സമയത്ത് സ്‌പൈസ് ജെറ്റ് വാണിജ്യ നേട്ടങ്ങള്‍ക്കായി കാബിനുള്ളില്‍ വിമാനത്തിന്റെ സീലിങ് വരെ അമിതമായി ചരക്ക് നിറയ്ക്കുകയാണ് ചെയ്തത്. അത് ഡിജിസിഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇത് വിമാനം പറപ്പിക്കുന്നത് പോലും സുരക്ഷിതമല്ലാതാക്കി. പൈലറ്റുമാര്‍, ജീവനക്കാര്‍, എന്‍ജിനീയര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ ഒരുവര്‍ഷത്തിലേറെയായി സ്‌പൈസ് ജെറ്റിന്റെ പ്രൊമോട്ടറുടെ ചൂഷണം കാരണം സാമ്പത്തികമായി പ്രതിസന്ധിയിലാണ്.
സുരക്ഷിതമായി ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മനസ് പൈലറ്റുമാര്‍ക്കില്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് കത്തുകളാണ് ഇ- മെയിലായി മുന്‍ ക്യാപ്റ്റന്‍ അയച്ചത്. അതേസമയം, സ്‌പൈസ് ജെറ്റ് ആരോപണങ്ങള്‍ നിഷേധിക്കുകയും പൈലറ്റ് അതൃപ്തനാണെന്ന് പറയുകയും ചെയ്തു. സ്‌പൈസ് ജെറ്റില്‍നിന്ന് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങിയിരുന്ന കാലത്ത് പൈലറ്റിന് പരാതികളൊന്നുമുണ്ടായിരുന്നില്ല. എയര്‍ലൈനില്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. നിയമലംഘനങ്ങളൊന്നുംതന്നെ അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. കമ്പനിയില്‍നിന്ന് പുറത്തായപ്പോള്‍ ഒരു അസംതൃപ്തനായ മുന്‍ ജീവനക്കാരന് ഏത് ആരോപണവും ഉന്നയിക്കാന്‍ കഴിയുമെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ വിശദീകരിച്ചു.