ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്ത കേസ്: രണ്ട് ജവാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിന് സമീപം ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്റ് ചെയ്തു. കേസില്‍ നേരത്തേ ഒരു സിആര്‍പിഎഫ് ജവാനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സഹപ്രവര്‍ത്തകരെയാണ് സസ്‌പെന്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 27നാണ് ദൊര്‍നാപല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ സിആര്‍പിഎഫിന്റെ ദുബ്ബതൊത ക്യാംപിനു സമീപം സിആര്‍പിഎഫ് ജവാനായ ദുലിഛന്ദ് ബലാല്‍സംഗം ചെയ്‌തെന്ന് രണ്ടുദിവസത്തിനു ശേഷം ആദിവാസി യുവതി ആരോപണമുന്നയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജൂലൈ 30ന് പോലിസ് അറസ്റ്റ് ചെയ്യുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
ഈസമയം സെന്റി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ ഡ്യൂട്ടി ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ അശ്രദ്ധ കാട്ടിയെന്ന് ആരോപിച്ചാണ് ഇപ്പോള്‍ സസ്്‌പെന്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവ ദിവസം ജവാന്‍ ക്യാംപില്‍ നിന്ന് ഇറങ്ങിയതിന്റെ രേഖ ഇരുവരും സൂക്ഷിച്ചിരുന്നില്ലെന്നാണ് ആരോപണം. മധ്യപ്രദേശിലെ ബാലഘട്ട് നിവാസിയാണ് ആരോപണവിധേയനായ ജവാന്‍.
സിആര്‍പിഎഫ്(ഛത്തീസ്ഗഡ് സെക്ടര്‍) ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി പ്രകാശ് ക്യാംപ് സന്ദര്‍ശിക്കുകയും അച്ചടക്ക ലംഘനത്തെ കര്‍ശനമായി കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സുക്മ പോലിസ് സൂപ്രണ്ട് ശലഭ് സിന്‍ഹയെ സന്ദര്‍ശിച്ച ഐജി അന്വേഷണത്തില്‍ സിആര്‍പിഎഫിന്റെ എല്ലാ സഹായവും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
2 Colleagues Of Rape-Accused CRPF Jawan Suspended In Chhattisgarh