ഇറാഖില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണം; രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരിക്ക്

Update: 2024-10-04 16:10 GMT

ജെറുസലേം: വടക്കന്‍ ഇസ്രായേലിനു നേരെ ഇറാഖില്‍നിന്നുള്ള സായുധ സംഘത്തിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണമുണ്ടായപ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സൈറണുകള്‍ മുഴങ്ങാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സൈന്യം അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാഖില്‍ നിന്നുള്ള ആക്രമണമുണ്ടായത്. അഷ്‌കെലോണില്‍ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയനിലെ സിഗ്‌നല്‍ ഓഫിസര്‍ കേഡറ്റ് ഡാനിയല്‍ അവീവ് ഹൈം സോഫര്‍(19), ജെറുസലേമില്‍ നിന്നുള്ള ഗൊലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയനിലെ ഐടി സ്‌പെഷ്യലിസ്റ്റ് ടാല്‍ ഡ്രോര്‍(19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും അതിലൊന്ന് വ്യോമ പ്രതിരോധം വെടിവച്ചു വീഴ്ത്തിയെങ്കിലും മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തേത് വടക്കന്‍ ഗൊലാന്‍ കുന്നുകളിലെ സൈനിക താവളത്തില്‍ പതിച്ചെന്നുമാണ് ഇസ്രായേലിന്റെ സ്ഥിരീകരണം. ആദ്യത്തെ ആളില്ലാ വിമാനം ഇസ്രായേലി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ നിരവധി ഗൊലാന്‍ മേഖലയില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ഡ്രോണിനെ യഥാസമയം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ തന്നെ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കാനോ അഭയം തേടാനോ സമയം ലഭിച്ചില്ലെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

    കൊല്ലപ്പെട്ട രണ്ട് സൈനികര്‍ക്ക് പുറമേ ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഇസ് ലാമിക് റെസിസ്റ്റന്‍സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും വടക്കന്‍ ഇസ്രായേലിലെ മൂന്ന് ലക്ഷ്യങ്ങളില്‍ ഡ്രോണുകള്‍ വിക്ഷേപിച്ചതായി അവകാശപ്പെട്ടതായും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഇറാഖില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ എയ്‌ലാത്ത് തുറമുഖത്ത് പതിക്കുകയും കേടുപാടുകള്‍ വരുത്തുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News