ഗുജറാത്തില്‍ മുന്‍ സൈനികന്‍ രണ്ടുപേരെ വെടിവച്ചുകൊന്നു

Update: 2022-01-15 15:24 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ പോര്‍ബന്തറില്‍ മുന്‍ സൈനികന്‍ രണ്ടുപേരെ വെടിവച്ചുകൊന്നു. ദലിത് സമുദായമായ മെഹര്‍ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുന്‍ സൈനികന്‍ രണ്ടുപേരെ വെടിവച്ചുകൊന്നത്. കല്‍പേഷ് ബൂട്ടിയ, രാജ് കേഷ്വാല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ അര്‍ഭം ഒഡേദര ഭീമാ ഒഡേദര, മകന്‍ നിലേഷ് ഉള്‍പ്പെടെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്താനുപയോഗിച്ച ആയുധം പിടിച്ചെടുക്കുകയും ചെയ്തു. പ്രാദേശിക ബിജെപി കൗണ്‍സിലറും മകനും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്ന മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളുടെ പേരില്‍ ഇരുഗ്രൂപ്പുകളും പരസ്പരം പകയുണ്ടായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് പോര്‍ബന്തര്‍ രവി മോഹന്‍ സൈനി പറഞ്ഞു. ഇന്നലെ രാത്രി മഹര്‍ സമുദായത്തില്‍നിന്നുള്ള രണ്ട് ഗ്രൂപ്പുകളിലെ ചിലര്‍ ഏറ്റുമുട്ടി. അവരില്‍ ഒരാള്‍ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചിരുന്ന മുന്‍ സൈനികനായിരുന്നു. ഇയാള്‍ സംഘര്‍ഷത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവിഭാഗത്തിലെയും ചിലരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ആളുകള്‍ അസഭ്യം പറയുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.

റിവോള്‍വര്‍, വാളുകള്‍, ബേസ്‌ബോള്‍ ബാറ്റുകള്‍ എന്നിവയുമായാണ് ആള്‍ക്കൂട്ടം പരസ്പരം ഏറ്റുമുട്ടിയത്. രണ്ടുപേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു. 11 പേര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 143 (നിയമവിരുദ്ധമായി സംഘംചേരല്‍), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം), 504 (മനപ്പൂര്‍വം അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കമല ബാഗ് പോലിസ് സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News