മുത്തങ്ങ വെടിവയ്പ്പിന് രണ്ട് പതിറ്റാണ്ട്

Update: 2023-02-19 05:39 GMT

കല്‍പ്പറ്റ: മുത്തങ്ങയില്‍ ഭൂമിക്കായി സമരം ചെയ്ത ആദിവാസികള്‍ക്കുനേരേ പോലിസ് വെടിയുതിര്‍ത്ത് ചോരയില്‍ മുക്കിയ ദിനത്തിന് ഞായറാഴ്ച 20 വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി 19നാണ് ആദിവാസി ഭൂസമരത്തിനുനേരേ പോലിസ് വെടിയുതിര്‍ത്തത്. ജോഗി എന്ന ആദിവാസിയും പോലിസുകാരന്‍ കെ വി വിനോദും കൊല്ലപ്പെട്ടു. എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. ദാരിദ്ര്യം നിഴല്‍ വീഴ്ത്തിയ കണ്ണുകളും വിശന്നൊട്ടിയ വയറുമായി ഒരുതുണ്ട് മണ്ണിനുവേണ്ടി പോരാടിയവരുടെ നെഞ്ചിലേക്കാണ് പോലിസ് വെടിയുതിര്‍ത്തത്.

വെടിവയ്പ്പിലും തുടര്‍ന്ന് നടന്ന പോലിസ് ഭീകരതയിലും നിരവധി ആദിവാസികള്‍ക്ക് പരിക്കേറ്റു. ഭൂസമരത്തിന്റെ ഭാഗമായി മുത്തങ്ങ കാടുകളിലെത്തിയ കാടിന്റെ മക്കള്‍ക്കുനേരെ പ്രകോപനമൊന്നുമില്ലാതെയാണ് പോലിസ് വെടിവച്ചത്. പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകള്‍ കാട്ടിലലഞ്ഞു. വസ്ത്രവും ഭക്ഷണവും ഇല്ലാതെ ഒട്ടേറെ പേര്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായി. ജനാധിപത്യത്തിന്റെ കറുത്ത ദിനം. പിന്നീട് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ഭൂസമരം കൊടുമ്പിരിക്കൊണ്ടു.

സി കെ ജാനുവിന്റെ നേതൃത്വത്തിലായിരുന്നു സമരം. മുത്തങ്ങ ഭൂസമരത്തിന്റെ 20ാം വാര്‍ഷികമെത്തുമ്പോഴും രേഖകളില്‍മാത്രം ഭൂവുടമകളായി തുടരുകയാണ്, സമരംനയിച്ച 260 കുടുംബങ്ങള്‍. സര്‍ക്കാര്‍ കണക്കില്‍ ഈ മാസത്തോടെ മുത്തങ്ങ പാക്കേജിലെ ഭൂവിതരണം പൂര്‍ത്തിയാവും. 20 വര്‍ഷംമുമ്പ് മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി ഭൂമിയാവശ്യപ്പെട്ടവരില്‍ 90 ശതമാനവും ഇന്നും മണ്ണിനായുള്ള കാത്തിരിപ്പിലാണ്.

സമരത്തിന് നേതൃത്വം നല്‍കിയ ഗോത്രമഹാസഭയുടെ കണക്കില്‍ 825 കുടുംബങ്ങള്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, മുത്തങ്ങയിലെ വെടിവെപ്പിനുശേഷം നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരും ഗോത്രമഹാസഭയും അംഗീകരിച്ച മുന്‍ഗണനാ പട്ടികയില്‍ 281 കുടുംബങ്ങളാണുള്ളത്. ഇതില്‍ 241 കുടുംബത്തിനും ഇതിനകം ഒരേക്കര്‍ വീതം ഭൂമി നല്‍കി. ശേഷിക്കുന്ന 40 കുടുംബങ്ങള്‍ക്ക് 23ന് വയനാട്ടില്‍ നടക്കുന്ന പട്ടയമേളയില്‍ ഇരുളത്ത് ഭൂമി നല്‍കും. കൈവശാവകാശരേഖ നല്‍കിയ 241 ഏക്കര്‍ഭൂമിയില്‍ 91.28 ശതമാനം ഭൂമിയും ഇപ്പോഴും ഉപയോഗിക്കുന്നില്ല.

ആകെ 21 കുടുംബങ്ങള്‍ മാത്രമാണ് തങ്ങളുടെ ഭൂമി കൈവശംവച്ചത്. ഇതില്‍ വെള്ളപ്പന്‍കണ്ടിയിലെ പത്തുകുടുംബത്തിന് മാത്രമാണ് സര്‍ക്കാര്‍ വീടുനല്‍കിയത്. പാക്കേജില്‍ ഉള്‍പ്പെട്ട ഭൂരിഭാഗത്തിനും തങ്ങളുടെ ഭൂമി ഇന്ന വില്ലേജിലാണ് എന്നല്ലാതെ, കൃത്യമായി എവിടെയാണെന്നുപോലും അറിയില്ല. സൂക്ഷിച്ചുവെക്കാന്‍ ഒരുരേഖ എന്നതിനപ്പുറം ഈ ഭൂമി ആദിവാസിയുടെ ജീവിതത്തില്‍ ഒരുമാറ്റവും കൊണ്ടുവന്നിട്ടില്ല.

മേപ്പാടി കള്ളാടി വെള്ളപ്പന്‍കണ്ടിയിലെ 111 പേര്‍ക്ക് ഭൂമിനല്‍കിയതില്‍ 16 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ ആറ് കുടുംബങ്ങള്‍ ടാര്‍പോളിന്‍ ഷീറ്റിട്ടുമറച്ച ഷെഡ്ഡിലാണ് താമസം. ജനിച്ച മണ്ണില്‍ അഭയാര്‍ഥികളാകേണ്ടിവന്നവരെ അതിക്രൂരമായി അടിച്ചമര്‍ത്തിയെങ്കിലും മുത്തങ്ങയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ ഇന്നും അന്തരീക്ഷത്തിലുണ്ട്. ആദിവാസികളോടുള്ള സമീപനത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. മുത്തങ്ങ ഭൂസമരത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട്ടില്‍ ഇന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

രാവിലെ 9ന് മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തില്‍ ഗദ്ദിക അരങ്ങേറും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തും. ശേഷം വൈകിട്ട് മൂന്നിന് ബത്തേരിയില്‍ ജോഗി അനുസ്മരണ സമ്മേളനം നടക്കും. സമരനേതാവ് എം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മഹാസഭ പുനസ്സംഘടിപ്പിക്കും. സി കെ ജാനുവില്ലാതെയാണ് രാഷ്ട്രീയ മഹാസഭ പുനസ്സംഘടിപ്പിക്കുന്നത്. മുത്തങ്ങ ചരിത്ര രചന പാനല്‍ രൂപീകരണവും ബത്തേരിയില്‍ നടക്കും. വിവിധ ഗോത്ര കലാപരിപാടികളും അരങ്ങേറും.

Tags:    

Similar News