
മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവില്‍ ഹിന്ദുത്വര്‍ നടത്തിയ സ്‌ഫോടനത്തിലെ വിചാരണയുടെ അവസാനഘട്ടത്തില്‍ ജഡ്ജിയെ സ്ഥലം മാറ്റി. പ്രത്യേക എന്‍ഐഎ കോടതി ജഡ്ജിയായ എ കെ ലഹോത്തിയെയാണ് ഹൈക്കോടതി നാസിക്കിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. വേനല്‍ അവധി അവസാനിക്കുന്ന ജൂണ്‍ ഒമ്പതിന് മുമ്പ് ഇവര്‍ പുതിയ സ്ഥലത്ത് റിപോര്‍ട്ട് ചെയ്യണം. കേസിലെ അന്തിമവാദം തീരാനിരിക്കെയാണ് നടപടിയെന്നും സ്ഥലം മാറ്റം വൈകിപ്പിക്കാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും ഇരകളുടെ അഭിഭാഷകര്‍ പറഞ്ഞു. സ്ഥലം മാറ്റം വരുമ്പോള്‍ വാദം കേട്ടിരുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്ന രീതിയുണ്ട്. അതിനാല്‍ ഏപ്രില്‍ പതിനഞ്ചിന് അകം എല്ലാ കക്ഷികളും വാദം പൂര്‍ത്തിയാക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
2008ലാണ് രാജ്യത്തെ നടുക്കിയ മലേഗാവ് സ്‌ഫോടനം നടക്കുന്നത്. ആറ് പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രഗ്യാ സിംഗ് ഠാക്കൂര്‍(പിന്നീട് ബിജെപി എംപിയായി), കേണല്‍ പുരോഹിത് എന്നിവരാണ് പ്രധാന പ്രതികള്‍. കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വിചാരണ തുടങ്ങിയത്. 323 സാക്ഷികളും 9,997 രേഖകളും 404 മറ്റു തെളിവുകളുമാണ് കേസിലുള്ളത്. 323 സാക്ഷികളില്‍ 34 പേര്‍ വിചാരണയില്‍ കൂറുമാറി.