സൗദിയില്‍ ഒമ്പതിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍

Update: 2020-04-07 01:20 GMT

റിയാദ്: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ഒമ്പത് നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. റിയാദ്, തബൂക്, ദമ്മാം, ദഹ്‌റാന്‍, ഹുഫൂഫ്, ജിദ്ദ, തായിഫ്, ഖത്തീഫ്, കോബോര്‍ എന്നിവിടങ്ങളിലാണ് മുഴുസമയ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നത്. ഇവിടങ്ങളില്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ 24 മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുപ്രകാരം ഈ സ്ഥലങ്ങളിലുള്ളവര്‍ പുറത്തേക്ക് പോവുന്നതിനും പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരിക്കും. സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കീഴിലുള്ള അത്യാവശ്യ വിഭാഗങ്ങള്‍ക്ക് കര്‍ഫ്യൂവില്‍നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

    ഇവിടങ്ങളിലെ സ്ട്രീറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും ചികില്‍സാ ആവശ്യങ്ങള്‍ക്കും രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്നുവരെ സ്ട്രീറ്റിനുള്ളില്‍ അനുമതിയുണ്ടാവും. താമസ സ്ട്രീറ്റിനുള്ളില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും ചെറു വാഹനങ്ങളില്‍ അത്യാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. ഫാര്‍മസി, ഭക്ഷ്യവസ്തുക്കള്‍ വില്‍പന സ്ഥാപനം, പെട്രോള്‍ പമ്പ്്, ഗ്യാസ്, ബാങ്ക്, മെയിന്റനന്‍സ്, ജലവിതരണം, മലിന ജലം മാറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇലക്ട്രീഷ്യന്‍, എയര്‍കണ്ടീഷന്‍, പ്ലംബര്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഇളവുണ്ടായിരിക്കും. ഏതെല്ലാ വിധം സ്ഥാപനങ്ങളെ ഒഴിവാക്കാമെന്ന്് മന്ത്രാലയ സമിതിയാണ് തീരുമാനിക്കുക. അത്യാവശ്യമായി പുറത്തിറങ്ങുന്നവര്‍ കുട്ടികളെ കൂടെ കൂട്ടരുതെന്നും നിര്‍ദേശമുണ്ട്.

    ഭക്ഷണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മറ്റു അത്യാവശ്യ സേവനങ്ങള്‍ക്ക് പരമാവധി ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടിയെന്നും രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ ഉത്തരവ് പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. എല്ലാ വ്യക്തികള്‍ക്കും ഉത്തരവാദപ്പെട്ട വകുപ്പുകള്‍ക്കും ഉത്തരവ് പാലിക്കല്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.




Tags:    

Similar News