അസമിൽ അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത സൈനികന് കർശന ഉപാധികളോടെ ജാമ്യം
ഫോറിനേര്‍സ് ട്രൈബ്യൂണല്‍ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച സനാവുല്ലയെ മേയ് 28 ന് അസാം ബോര്‍ഡര്‍ പോലിസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്. ഗോലാപാറയിലെ അഭയാർഥി കാംപിലായിരുന്നു അറസ്റ്റ് ചെയ്തശേഷം സനാവുല്ലയെ താമസിപ്പിച്ചിരുന്നത്.
ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത റിട്ടയേര്‍ഡ് ലഫ്റ്റനന്‍റ് മുഹമ്മദ് സനാവുല്ലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. ഗുവാഹതി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 20,000 രൂപ കെട്ടിവയ്ക്കാനും അനുമതിയില്ലാതെ കാംറുപ് ജില്ല വിട്ട് പോകാനും പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്. സനാവുല്ലയുടെ ബയോമെട്രിക്സ് ശേഖരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫോറിനേര്‍സ് ട്രൈബ്യൂണല്‍ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച സനാവുല്ലയെ മേയ് 28 ന് അസാം ബോര്‍ഡര്‍ പോലിസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്. ഗോലാപാറയിലെ അഭയാർഥി കാംപിലായിരുന്നു അറസ്റ്റ് ചെയ്തശേഷം സനാവുല്ലയെ താമസിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ, അസം സർക്കാർ, ദേശീയ പൗരത്വ രജിസ്ട്രർ എന്നിവർക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ശനിയാഴ്ച (നാളെ) നടപടിക്രമങ്ങൾക്ക് ശേഷം സനാവുല്ലയ്ക്ക് പുറത്തിറങ്ങാനാകും. പ്രശസ്ത അഭിഭാഷകിയായ ഇന്ദിരാ ജയ്സിങാണ് സനാവുല്ലയ്ക്ക് വേണ്ടി ഹാജരായത്.
1987ല്‍ 20ാം വയസ്സിലാണ് സനാവുള്ള സൈന്യത്തില്‍ ചേര്‍ന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം സനാവുല്ല പങ്കെടുത്തിട്ടുണ്ട്. 2017ല്‍ വിരമിച്ച ശേഷം അസം ബോര്‍ഡര്‍ പോലിസില്‍ അംഗമായി. അസാമില്‍ ഇദ്ദേഹത്തെ പോലെ ആറോളം മുന്‍ സൈനികര്‍ക്ക് ഫോറിനേര്‍സ് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയതായാണ് വിവരം. ട്രൈബ്യൂണലില്‍ അഞ്ച് തവണ വാദപ്രതിവാദത്തിന് സനാവുല്ല ഹാജരായിരുന്നു. രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈയ്ക്ക് മുമ്പ് സമര്‍പ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി. അസാമില്‍ മാത്രം 1,25,333 പേരുടെ പൗരത്വത്തില്‍ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹന്‍ പതോവരി നിയമസഭയെ അറിയിച്ചിരുന്നു.