31 ദിവസം മോര്‍ച്ചറിയില്‍; വന്‍ പോലിസ് കാവലില്‍ അന്നമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങി

ഇക്കഴിഞ്ഞ മെയ് 13നാണ് അന്നമ്മ മരണപ്പെട്ടത്. മൃതദേഹം ഇടവകയിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചാല്‍ സമീപത്തെ വീട്ടുകിണറുകള്‍ മലിനമാവുമെന്ന് പറഞ്ഞ് ഒരുവിഭാഗം തടയുകയായിരുന്നു.

Update: 2019-06-13 04:36 GMT

കൊല്ലം: നാശോന്‍മുഖമായ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നത് പരിസരത്ത് മാലിന്യം വരാനിടയാക്കുമെന്നു പറഞ്ഞ് സമീപവാസികളില്‍ ചിലര്‍ എതിര്‍ത്തതിനാല്‍ 31 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.കുന്നത്തൂര്‍ തുരുത്തിക്കര ഇടവകയിലെ ദലിത് െ്രെകസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മയുടെ മൃതദേഹമാണ് ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ വന്‍ പോലിസ് കാവലില്‍ സംസ്‌കരിക്കുന്നത്. പ്രത്യേകമായി നിര്‍മിച്ച കോണ്‍ക്രീറ്റ് കല്ലറയിലാണ് അന്നമ്മയെ സംസ്‌കരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 13നാണ് അന്നമ്മ മരണപ്പെട്ടത്. മൃതദേഹം ഇടവകയിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചാല്‍ സമീപത്തെ വീട്ടുകിണറുകള്‍ മലിനമാവുമെന്ന് പറഞ്ഞ് ഒരുവിഭാഗം തടയുകയായിരുന്നു. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും ഒരുവിഭാഗം തടയുകയായിരുന്നു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശോന്‍മുഖമായതിനാല്‍ സംസ്‌കരിക്കുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നാണ് പ്രതിഷേധക്കാരുടെ പരാതി. തര്‍ക്കം രൂക്ഷമായതോടെ ബന്ധുക്കള്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാവുമെന്നു കരുതിയെങ്കിലും നീണ്ടുപോവുകയായിരുന്നു. ഇത്തരത്തില്‍ ഒരുമാസം മൃതദേഹം മോര്‍ച്ചറിയില്‍ കിടന്ന ശേഷമാണ് അധികൃതരുടെ ഇടപെടലില്‍ സമവായത്തിലൂടെ ഇന്ന് സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. വിഷയം കലക്്ടര്‍ക്കു മുന്നിലെത്തിയപ്പോള്‍ ആരോഗ്യവകുപ്പിനോടു അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചാല്‍ പ്രശ്‌നങ്ങളില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്.

    സെമിത്തേരിയുടെ അറ്റകുറ്റപ്പണി വൈകുമെന്നതിനാല്‍ ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുകയോ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്‌കരിക്കുകയോ ചെയ്യാമെന്നായിരുന്നു കലക്്ടര്‍ ഉപാധി വച്ചത്. ഇതില്‍ രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചതോടെ പള്ളി അധികൃതര്‍ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്നായിരുന്നു കലക്ടറുടെ നിര്‍ദേശമെങ്കിലും പള്ളി അധികൃതര്‍ ഇത് പാലിക്കാതിരുന്നതോടെ വീണ്ടും സങ്കീര്‍ണതയായി. വിവരമറിഞ്ഞെത്തിയ പോലിസ് അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പിക്കുകയും തഹസില്‍ദാരുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ വീണ്ടും കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തുകയുമായിരുന്നു. 2015ല്‍ അന്നത്തെ കൊല്ലം കലക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും പള്ളി അധികൃതര്‍ പാലിച്ചിരുന്നില്ല.




Tags:    

Similar News