കൂടത്തായി: അന്നമ്മ വധത്തില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ടോം തോമസ് വധക്കേസില്‍ കസ്റ്റഡി കഴിഞ്ഞ് ജയിലിലുള്ള ജോളിയെ പേരാമ്പ്ര സിഐയുടെ നേതൃത്വത്തിലാണ് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

Update: 2019-11-20 19:14 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഭര്‍തൃമാതാവ് അന്നമ്മ തോമസ് വധവുമായി ബന്ധപ്പെട്ട് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ടോം തോമസ് വധക്കേസില്‍ കസ്റ്റഡി കഴിഞ്ഞ് ജയിലിലുള്ള ജോളിയെ പേരാമ്പ്ര സിഐയുടെ നേതൃത്വത്തിലാണ് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

അടുത്തദിവസം കസ്റ്റഡി അപേക്ഷ താമരശ്ശേരി കോടതി പരിഗണിക്കും. ആറ് കൊലപാതകങ്ങളില്‍ ചിലതിനെക്കുറിച്ച് സുഹൃത്ത് ജോണ്‍സണ് അറിവുണ്ടായിരുന്നുവെന്നാണ് ജോളി നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ജോളിയുെട സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും.

അതിനിടെ, കൂടത്തായി കൂട്ടക്കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ ആഭ്യന്തരവകുപ്പിന് അപേക്ഷ നല്‍കി. ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പരിഗണിക്കാവുന്ന അഭിഭാഷകരുടെ പാനല്‍ പോലിസ് തയാറാക്കിയിട്ടുണ്ട്. നിലവില്‍ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലും രണ്ടിലുമാണ് കൂടത്തായി കേസുള്ളത്.

അതേസമയം, ആല്‍ഫൈന്‍ കേസിലെ മൂന്നാംപ്രതി സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറിനെ തെളിവെടുപ്പിനായി കോടഞ്ചേരി പോലിസ് അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും. മാത്യു മഞ്ചാടി കേസില്‍ തെളിവെടുപ്പിനായി കൊയിലാണ്ടി പോലിസിന്റെ കസ്റ്റഡിയിലുള്ള രണ്ടാം പ്രതി എം എസ് മാത്യുവിന്റെ കസ്റ്റഡി കാലാവധി അടുത്തദിവസം അവസാനിക്കും.

Tags:    

Similar News