മലപ്പുറത്ത് ഒരു മാസത്തിനിടെ 3,805 കേസുകള്‍; 95 ശതമാനവും ലോക്ക് ഡൗണ്‍ ലംഘനം
ലോക്ക് ഡൗണ്‍ കാലത്ത് കേസുകള്‍ വര്‍ധിച്ചെങ്കിലും സ്ഥിരം കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം പറഞ്ഞു.
മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ച് ഒരു മാസത്തിനകം മലപ്പുറം ജില്ലയില്‍ 3,805 പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 24 വരെയാണിത്. 2019ല്‍ ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 1,098 കേസുകളായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കേസുകള്‍ വര്‍ധിച്ചെങ്കിലും സ്ഥിരം കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം പറഞ്ഞു. ഇക്കഴിഞ്ഞ ഒരു മാസക്കാലം ജില്ലയില്‍ റിപോര്‍ട്ട് ചെയ്ത കേസുകളില്‍ 95 ശതമാനവും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ്. 2019 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 24 വരെ അഞ്ച് പിടിച്ചുപറി കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം അത് രണ്ടായി കുറഞ്ഞു. അടിപിടി കേസുകള്‍ 25ല്‍ നിന്ന് ഒന്നായും ബലാല്‍സംഗ കേസുകള്‍ 16ല്‍ നിന്ന് ആറായും ഭര്‍തൃ പീഡന കേസുകള്‍ 20ല്‍ നിന്ന് 10 ആയും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 31 വാഹനാപകട മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ലോക്ക് ഡൗണ്‍ സമയത്ത് മൂന്ന് മരണങ്ങളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്. വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 167 ആയിരുന്നത് ഇപ്പോള്‍ 18 ആയി. ആത്മഹത്യകള്‍ 34ല്‍ നിന്ന് 11 ആയും മിസ്സിങ് കേസുകള്‍ 61ല്‍ നിന്ന് ഒമ്പതായും കുറഞ്ഞു.
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 106 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി 124 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 82 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,446 ആയി. 3,252 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,321 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.