സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ഒഴിവാക്കണം; സുബ്രഹ്‌മണ്യന്‍ സ്വാമി സുപ്രിംകോടതിയില്‍
കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹരജിക്കാരുടെ വാദം.
ന്യൂഡൽഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ രാജ്യസഭാംഗം സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
തുടര്‍ന്ന് ഹരജി സെപ്തംബര്‍ 29ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ സത്യ സബര്‍വാളും കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹരജികളും ഒരുമിച്ച് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുളളത്.
1976-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതര്വതം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത്. ഇത്തരം ഒരു ഭേദഗതി കൊണ്ടുവരുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്.
കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹരജിക്കാരുടെ വാദം.