ചെന്നൈ: തമിഴ്‌നാട്ടിലെ മദ്രാസ് മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 58 പിജി വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. വിദ്യാര്‍ഥി സംഘത്തിലെ ഒരാള്‍ക്ക് നേരത്തേ കൊവിഡ് ബാധ സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം ഭേദമായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ അതേ വിദ്യാര്‍ഥിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരെല്ലാം മദ്രാസ് മെഡിക്കല്‍ കോളജിന്റെ ബ്രോഡ് വേ മെന്‍സ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഒരേ ശുചിമുറികളും ഭക്ഷണശാലകളും ഉപയോഗിക്കുന്നിലൂടെയാവാം രോഗബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് 102 വിദ്യാര്‍ഥികളില്‍ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളം കോളജ് അടച്ചിട്ടിരുന്നു.