മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; മരണം ഏഴായി, 40 പേര്‍ കുടുങ്ങിക്കിടക്കുന്നു

40 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ആര്‍ഡിഎഫ്) യുടെ രണ്ടു വലിയ സംഘങ്ങളാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

Update: 2019-07-16 13:00 GMT

മുംബൈ: ദക്ഷിണ മുംബൈയിലെ ഡോങ്ക്രിയില്‍ നൂറുവര്‍ഷം പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. 40 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ആര്‍ഡിഎഫ്) യുടെ രണ്ടു വലിയ സംഘങ്ങളാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇടുങ്ങിയ പാതകളും തകര്‍ന്നുവീഴാറായ കെട്ടിടങ്ങളുമുള്ള മേഖലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതാണ് കെട്ടിടം പെട്ടെന്ന് തകര്‍ന്നുവീഴാനുള്ള കാരണമെന്നാണ് കണക്കുകൂട്ടുന്നത്.


 10 ആംബുലന്‍സുകളും നിരവധി ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ഇടുങ്ങിയ വഴിയായതിനാല്‍ വാഹനങ്ങള്‍ കുറച്ചകലെ മാത്രമേ എത്തുകയുള്ളൂ. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ വലിയ കട്ടര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്ത് കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്.



ആദ്യം വലിയൊരു ശബ്ദം കേട്ടു. പിന്നാലെ കെട്ടിടം തകരുന്നുവെന്ന് പറഞ്ഞ് ആളുകള്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. ഇതുകേട്ടാണ് താനോടിയതെന്ന് ദൃക്‌സാക്ഷിയായ യുവാവ് വാര്‍ത്താ ചാനലുകളോട് പറഞ്ഞു. എട്ട് കുടുംബങ്ങള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു. നൂറുവര്‍ഷം പഴക്കമുള്ള കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ പ്രഥമപരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News