സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചു; പാകിസ്താനില്‍ 595 കുട്ടികള്‍ക്ക് എയ്ഡ്‌സ് ബാധ
ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിനെ തുടര്‍ന്നാണ് തെക്കാന്‍ പാകിസ്താനിലെ റാട്ടോദെറോ നഗരത്തില്‍ എയ്ഡ്‌സ് പടര്‍ന്നുപിടിച്ചത്. ഇതേ തുടര്‍ന്ന് പാകിസ്താന്‍ അന്താരാഷ്ട്ര സഹായം തേടി.
ഇസ്്‌ലാമാബാദ്: പാകിസ്താനിലെ ഒരു നഗരത്തില്‍ 595 കുട്ടികള്‍ ഉള്‍പ്പെടെ 700ലേറെ പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചു. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിനെ തുടര്‍ന്നാണ് തെക്കാന്‍ പാകിസ്താനിലെ റാട്ടോദെറോ നഗരത്തില്‍ എയ്ഡ്‌സ് പടര്‍ന്നുപിടിച്ചത്. ഇതേ തുടര്‍ന്ന് പാകിസ്താന്‍ അന്താരാഷ്ട്ര സഹായം തേടി.
ലോകാരോഗ്യ സംഘടനാ സംഘം എയ്ഡ്‌സ് ബാധയുടെ കൃത്യമായ കാരണങ്ങള്‍ പഠിച്ച ശേഷം നിയന്ത്രണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുമെന്ന് പാകിസ്താന്‍ ആരോഗ്യ മന്ത്രി സഫര്‍ മിര്‍സ പറഞ്ഞു. എച്ച്‌ഐവി ടെസ്റ്റിങ്, കുട്ടികളുടെ എച്ച്‌ഐവി ചികില്‍സ, കുടുംബങ്ങള്‍ക്കുള്ള കൗണ്‍സലിങ് എന്നിവയില്‍ സംഘം സാങ്കേതിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന സിറിഞ്ചുകളുടെ ലഭ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗിക്കുന്ന സിറിഞ്ചുകളാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്.
മെയ് 31 വരെ 728 പേര്‍ക്കാണ് റാട്ടോദെറോയില്‍ എയ്ഡ്‌സ് സ്ഥിരീകരിച്ചത്. ഇതില്‍ 595 പേര്‍ കുട്ടികളാണ്. 70 ശതമാനവും രണ്ട് വയസിനും അഞ്ച് വയസിനും ഇടയിലുള്ളവരാണെന്നും പാകിസ്താന്‍ നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോഗ്രാം അധികൃതര്‍ പറഞ്ഞു. ഭൂരിഭാഗവും കുട്ടികള്‍ ഉള്‍പ്പെടുന്ന ലോകത്തെ ആദ്യത്തെ എയ്ഡ്‌സ് പകര്‍ച്ചയാണ് പാകിസ്താനിലേത്. എച്ച്‌ഐവി സ്ഥിരീകരിച്ചവരില്‍ 73 സ്ത്രീകളും ഉണ്ട്.