'ഡിജിറ്റല്‍ അറസ്റ്റ്': ചിത്രകാരന്റെ ഭാര്യയുടെ 80 ലക്ഷം കവര്‍ന്നു
മലേഷ്യയിലേക്ക് അയച്ച ഒരു പെയിന്റിങ് പാക്കറ്റില്‍ രാസലഹരിയായ എംഡിഎംഎ കണ്ടെത്തിയെന്ന് പറഞ്ഞ് 'സിബിഐ' ഉദ്യോഗസ്ഥര്‍ ഇവരെ ബന്ധപ്പെടുകയായിരുന്നു.
ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് തെറ്റിധരിപ്പിച്ച് മലയാളി സ്ത്രീയില്‍ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ അന്തരിച്ച പ്രസിദ്ധ ചിത്രകാരന്റെ ഭാര്യയാണ് തട്ടിപ്പിനിരയായതെന്ന് പോലിസ് അറിയിച്ചു. ഭര്‍ത്താവിന്റെ പെയിന്റിങുകള്‍ ലേലത്തില്‍ വിറ്റ തുകയാണ് തട്ടിപ്പുകാര്‍ കൊണ്ടുപോയത്.
ഭര്‍ത്താവിന്റെ പെയിന്റിങ്ങുകള്‍ ഇവര്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്. ഇങ്ങനെ മലേഷ്യയിലേക്ക് അയച്ച ഒരു പെയിന്റിങ് പാക്കറ്റില്‍ രാസലഹരിയായ എംഡിഎംഎ കണ്ടെത്തിയെന്ന് പറഞ്ഞ് 'സിബിഐ' ഉദ്യോഗസ്ഥര്‍ ഇവരെ ബന്ധപ്പെടുകയായിരുന്നു. ഇതിന് ശേഷം 'നിരവധി പോലിസ് ഉദ്യോഗസ്ഥരും ജഡ്ജിയും' വീഡിയോ കോളിലൂടെ സംസാരിച്ചു. കേസ് ഒഴിവാക്കാന്‍ ഒരു കോടി രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ആവശ്യം. ഇപ്പോള്‍ സംഭവം ആരും അറിഞ്ഞിട്ടില്ലെന്നും അതിനാല്‍ ആരോടും കേസിന്റെ കാര്യം പറയരുതെന്നും നിര്‍ദേശിച്ചു.
ഭര്‍ത്താവിന്റെ പെയിന്റിങ് വിറ്റുsകിട്ടിയ 80 ലക്ഷം രൂപ മാത്രമേ കൈയ്യിലുള്ളൂയെന്നാണ് മലയാളി സ്ത്രീ അറിയിച്ചത്. ഈ തുക ഗഡുക്കളായി സംഘം വാങ്ങിയെടുത്തു. മുഴുവന്‍ പണവും നല്‍കിയതോടെ കേസ് ക്ലോസ് ചെയ്യുകയാണെന്നു അറിയിച്ച സംഘം വീഡിയോ കോള്‍ അവസാനിപ്പിച്ചു. പിന്നീടാണ് സത്യം ഇവര്‍ തിരിച്ചറിഞ്ഞത്. ഇതോടെ പോലിസിനെ സമീപിക്കുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തട്ടിപ്പുകാര്‍ക്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാതിരുന്ന ആറു ലക്ഷം രൂപ തിരികെ കിട്ടി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.